ന്യൂഡൽഹി: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് തിങ്കളാഴ്ച അറസ്റ്റ് ചെയ്ത സി.ആർ.പി.എഫ് ജവാൻ മോത്തി റാം ജാട്ട് പഹൽഗാമിൽനിന്ന് സ്ഥലം മാറിയത് ഭീകരാക്രമണത്തിന് ആറുദിവസം മുമ്പെന്ന് വിവരം. പഹൽഗാമിൽ സി.ആർ.പി.എഫിന്റെ 116ാം ബറ്റാലിയനിലായിരുന്നു ഇയാൾ മുമ്പ് പ്രവർത്തിച്ചിരുന്നതെന്നും അധികൃതർ പറഞ്ഞു. തിങ്കളാഴ്ചയാണ് മോത്തി റാം ജാട്ടിനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
2023 മുതൽ ഇയാൾ പാകിസ്താൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാന വിവരങ്ങൾ പങ്കുവെച്ചിരുന്നതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ സേനയുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ, സേനാ നീക്കത്തിന്റെ രീതികൾ, പ്രധാന സൈനിക കേന്ദ്രങ്ങൾ എന്നിവ പങ്കിട്ട വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിവിധ മാർഗങ്ങളിലൂടെ ഇയാൾ പാകിസ്താനിൽനിന്ന് പണം കൈപ്പറ്റിയിരുന്നതായും എൻ.ഐ.എ വ്യക്തമാക്കി. അറസ്റ്റിന് പിന്നാലെ, മോത്തി റാം ജാട്ടിനെ സി.ആർ.പി.എഫ് പുറത്താക്കിയിരുന്നു.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ ഗുജറാത്ത് ആരോഗ്യവകുപ്പ് ജീവനക്കാരൻ ശനിയാഴ്ച പിടിയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി ചാരവൃത്തി ആരോപിച്ച് 13 പേർ അറസ്റ്റിലായിട്ടുണ്ട്. വടക്കേ ഇന്ത്യയിലുടനീളം സജീവമായി തുടരുന്ന പാക് ബന്ധമുള്ള ചാരശൃംഖലയുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.