ഇ.പി.എഫ് പലിശ നിരക്ക് 8.25 ശതമാനമായി ഉയർത്തി

ന്യൂഡൽഹി: പ്രോവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് വർധിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇ.പി.എഫ്.ഒ). 2022-2023ലെ 8.15 ശതമാനത്തിൽ നിന്ന് 2023-24 വർഷം 8.25 ശതമാനമായാണ് പലിശനിരക്ക് വർധിപ്പിച്ചിരിക്കുന്നത്. മൂന്നുവർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പലിശനിരക്കാണിത്. ആറരക്കോടി ജീവനക്കാർക്ക് ആശ്വാസം പകരുന്നതാണ് നടപടി. 2021-22ല്‍ പലിശനിരക്ക് ഇ.പി.എഫ്.ഒ 8.50ശതമാനത്തിൽ നിന്ന് 8.10 ശതമാനമായിരുന്നു കുറച്ചിരുന്നു.നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു അത്.

ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രോവിഡന്റ് ഫണ്ട് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് പുതുക്കിയ പലിശ ഇ.പി.എഫ്.ഒ കൈമാറും. പുതുക്കിയ പലിശനിരക്ക് വോളന്ററി പ്രോവിഡന്റ് ഫണ്ട് (വി.പി.എഫ്) നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. ശനിയാഴ്ചയാണ് പലിശ നിരക്ക് ഉയർത്തുന്നത് സംബന്ധിച്ച് ഇ.പി.എഫ് തീരുമാനമെടുത്തത്.

20ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇ.പി.എഫ് നിക്ഷേപം നിർബന്ധമാണ്. ഇ.പി.എഫ് ആന്‍ഡ് എം.പി നിയമപ്രകാരം ഓരോ മാസവും ശമ്പളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതിന് തത്തുല്യതുക സ്വന്തം നിലക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ.പി.എഫ് അക്കൗണ്ടിലേക്ക് അടയ്ക്കണം. ഇതില്‍ ജീവനക്കാരന്‍ അടയ്ക്കുന്ന തുക പൂര്‍ണമായും ഇ.പി.എഫ് അക്കൗണ്ടിലേക്ക് മാറ്റും. എന്നാല്‍, തൊഴിലുടമ അടയ്ക്കുന്ന തുകയുടെ 3.67 ശതമാനമേ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് മാറ്റുന്നുള്ളൂ. ബാക്കി 8.33 ശതമാനം പോകുന്നത് അതേ ജീവനക്കാരന്റെ എംപ്ലോയീ പെന്‍ഷന്‍ സ്‌കീമിലേക്കാണ് (ഇ.പി.എസ്).

Tags:    
News Summary - EPFO Hikes Interest Rate On Deposits To 8.25% From 8.15%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.