യോഗേന്ദ്ര ഉപാധ‍്യായ

'ജോണി ജോണി യെസ് പപ്പാ' പോലുള്ള ഇംഗ്ലീഷ് കവിതകൾ കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യു.പി ഉന്നതവിദ്യാഭ‍്യാസ മന്ത്രി യോഗേന്ദ്ര ഉപാധ‍്യായ

ലഖ്നോ: ജോണി ജോണി യെസ് പപ്പാ പോലുള്ള ഇംഗ്ലീഷ് കവിതകൾ ഇന്ത്യൻ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കുട്ടികളിൽ കള്ളം പറയാനുള്ള പ്രവണത വളർത്തുന്നുവെന്നും ഉത്തർപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. ഇതോടെ പുതിയ വിവാദങ്ങൾക്കാണ് മന്ത്ര തിരിതെളിച്ചിരിക്കുന്നത്. കാണ്‍പൂരിലെ മെർച്ചന്റ് ചേംബർ ഹാളിൽ നടന്ന പാരാ ടീച്ചർമാരുടെ (ശിക്ഷാമിത്രുകൾ) സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ-പൗരസ്ത്യ മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്കും മന്ത്രിയുടെ വാക്കുകൾ തുടക്കമിട്ടു.

പാഠ‍്യപദ്ധതിക്കൊപ്പം മൂല്യങ്ങളും പകർന്നുനൽകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായം കെട്ടിപ്പടുക്കാൻ അധ്യാപകർ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയുടെ പുരാതനമായ 'ഗുരു-ശിഷ്യ പരമ്പര'യെക്കുറിച്ച് പരാമർശിച്ച അദ്ദേഹം അധ്യാപകർ പഴയകാല വിദ്യാഭ‍്യാസ സമ്പ്രദായത്തെ ബഹുമാനിക്കുകയും ഒരു ഗുരുവിന്റെ സ്ഥാനം ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ വിദ്യാർഥികളിൽ മൂല്യങ്ങൾ വളർത്താൻ കഴിയൂ എന്നുമാണ് മന്ത്രിയുടെ വാദം. പാഠപുസ്തകങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ രീതിക്കപ്പുറത്തേക്ക് ചിന്തിക്കണമെന്നും ദൈനംദിന ജീവിതത്തിലെ ചെറിയ പാഠങ്ങളിലൂടെ കുട്ടികൾക്ക് ശരിയായ വഴി കാട്ടിക്കൊടുക്കണമെന്നും അദ്ദേഹം അധ്യാപകർക്ക് നിർദേശം നൽകി.

പാശ്ചാത്യ-പൗരസ്ത്യ മൂല്യവ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം എടുത്തുപറഞ്ഞ മന്ത്രി ഇന്നത്തെ തലമുറയ്ക്ക് ആവശ്യമായ മൂല്യങ്ങൾ നൽകാൻ ഇംഗ്ലീഷ് കവിതകൾക്ക് സാധിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു. 'ഈറ്റിംഗ് ഷുഗർ, നോ പപ്പ' തുടങ്ങിയ വരികൾ മാതാപിതാക്കളുടെ മുന്നിൽ കള്ളം പറയാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം പഴയ തലമുറ വായിച്ചു വളർന്ന ഹിന്ദി കവിതകൾ ആഴത്തിലുള്ള ജീവിത മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് അദ്ദേഹം പ്രശംസിച്ചു.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ ശക്തമായ കണ്ണികളാണ് ശിക്ഷാ മിത്രുകളെന്ന് ഊന്നിപറഞ്ഞ അദ്ദേഹം അവരുടെ ഓണറേറിയം 10,000 രൂപയിൽ നിന്ന് 18,000 രൂപയായി സർക്കാർ ഉയർത്തിയതായും അറിയിച്ചു. തുടർന്ന് ഇതിന്‍റെ ഡെമോ ചെക്കുകൾ കൈമാറി. ഓണറേറിയം വർധിപ്പിച്ചത് ഗ്രാമീണ-മലയോര മേഖലകളിൽ ജോലി ചെയ്യുന്ന ശിക്ഷാ മിത്രുകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിനിടെ ഗോരഖ്‌പുരിൽ നടന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും പ്രദർശിപ്പിച്ചു.

Tags:    
News Summary - English poems like 'Johny Johny Yes Papa' teach children to lie; UP Higher Education Minister Yogendra Upadhyay makes controversial remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.