ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഇംഗ്ളീഷ് പഠനം നിര്‍ബന്ധമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയോഗിച്ച വിദ്യാഭ്യാസ സെക്രട്ടറിമാരുടെ പാനല്‍ ശിപാര്‍ശ. സ്കൂളുകളില്‍ ഹിന്ദി പഠനമാധ്യമമാക്കണമെന്ന് ആര്‍.എസ്.എസിനു കീഴിലെ രാഷ്ട്രീയ ശിക്ഷ സംഘ് കഴിഞ്ഞ വര്‍ഷം നല്‍കിയ ശിപാര്‍ശക്ക് കടകവിരുദ്ധമാണ് പുതിയ സെക്രട്ടറിതല ശിപാര്‍ശ. ഇംഗ്ളീഷ് നിര്‍ബന്ധമാക്കരുതെന്നും ശിക്ഷ സംഘ് ആവശ്യപ്പെട്ടിരുന്നു. എല്ലാ ബ്ളോക്കുകളിലും സര്‍ക്കാര്‍ മേഖലയില്‍ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ എങ്കിലും വേണമെന്നും സെക്രട്ടറിമാരുടെ പാനല്‍ പ്രധാനമന്ത്രിക്ക് നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു.

ഇംഗ്ളീഷ് പഠനത്തിന്‍െറ നിലവാരം അളക്കുന്നതിന് സ്കൂളുകളില്‍ മൂന്നാമതൊരു കക്ഷിയുടെ സര്‍വേ ഏര്‍പ്പെടുത്തണം, കുട്ടികളുടെ നിലവാരം അളക്കാനുള്ള ഇന്‍റര്‍നാഷനല്‍ സ്കൂള്‍ സ്റ്റുഡന്‍റ് അസസ്മെന്‍റില്‍ (പി.ഐ.എസ്.എ) രാജ്യം പങ്കാളിയാകണം, പഠനത്തിലും പാഠ്യേതരകാര്യങ്ങളിലുമുള്ള മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ സ്കൂളുകളുടെ വിദ്യാഭ്യാസ ഗുണനിലവാര സൂചിക തയാറാക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും സമിതി റിപ്പോര്‍ട്ടിലുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെയും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിലെയും സെക്രട്ടറിമാരടങ്ങിയ 12 അംഗ പാനലിന്‍േറതാണ് ശിപാര്‍ശ. പുതിയ ആശയങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിഞ്ഞ ഒക്ടോബറിലാണ് പ്രധാനമന്ത്രി സെക്രട്ടറിമാരുടെ പാനലിനോട് നിര്‍ദേശിച്ചത്.

വിദ്യാഭ്യാസ അവകാശ നിയമം സെക്ഷന്‍ 16 പ്രകാരം എട്ടാം ക്ളാസ് വരെ ഒരു കുട്ടിയെയും തോല്‍പിക്കാന്‍ പാടില്ല. ഇതിനകം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ ഈ നയത്തിന്‍െറ കാര്യത്തില്‍ പുനരാലോചന വേണമെന്നും സമിതി നിര്‍ദേശിക്കുന്നു. തോല്‍പിക്കലിനുള്ള നിരോധനം ഏതു ക്ളാസ് വരെ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ആറാം ക്ളാസ് മുതല്‍ കുട്ടികളുടെ കുറവുകള്‍ കണ്ടത്തൊനും നൈപുണ്യ വികാസത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കണം.

കുട്ടിക്ക് അനുയോജ്യമായ തൊഴില്‍ തെരഞ്ഞെടുക്കുന്നതിന് സഹായിക്കുന്ന തരത്തില്‍ എട്ടാം ക്ളാസില്‍ അഭിരുചി പരീക്ഷയും കൗണ്‍സലിങ്ങും ഏര്‍പ്പെടുത്തണം. ഗോത്രവര്‍ഗ വിഭാഗങ്ങള്‍ 25 ശതമാനമെങ്കിലും ഉള്ള ജില്ലകളിലും ന്യൂനപക്ഷ കേന്ദ്രീകൃത ബ്ളോക്കുകളിലും കുട്ടികള്‍ക്കായി നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ തുറക്കണം. രാജ്യത്തെ 50 മികച്ച കോളജുകളെ തെരഞ്ഞെടുത്ത് അവക്ക് സ്വയം ഭരണാവകാശം നല്‍കണം. ഫീസും കരിക്കുലവും നിശ്ചയിക്കാനുള്ള അവകാശം അവര്‍ക്ക് വിട്ടുകൊടുക്കണം. യൂനിവേഴ്സിറ്റികള്‍ എല്ലാ വകുപ്പുകളിലെയും കരിക്കുലം ഒരോ മൂന്നുവര്‍ഷത്തിലും പുതുക്കണമെന്നും സമിതി നിര്‍ദേശിച്ചു.

Tags:    
News Summary - english medium schools in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.