മുംബൈ: ഇൗജിപ്തുകാരി ഇമാൻ അഹ്മദ് അബ്ദുലാതിയുടെ ഭാരംകുറക്കൽ ചികിത്സ വിവാദമായതോടെ സംസ്ഥാനത്തെ ആശുപത്രികളിൽ വിദേശികളെ ചികിത്സിക്കുന്നതിന് സർക്കാർ പ്രത്യേക ചട്ടം കൊണ്ടുവരുന്നു. ഇമാൻ അഹ്മദുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചികിത്സമേഖലയുടെ പ്രതിച്ഛായക്ക് മങ്ങലേൽപിച്ച സാഹചര്യത്തിലാണിത്.
വൈദ്യരേഖ തയാറാക്കൽ, ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ രോഗിയുടെ ബന്ധുക്കളെയും രോഗിയുടെ രാജ്യത്തെ എംബസിയെയും അറിയിക്കൽ, ചികിത്സക്കിടയിൽ മറ്റ് രാജ്യത്തെ ആശുപത്രിയിലേക്ക് മാറ്റൽ, ഡിസ്ചാർജ് തുടങ്ങിയ കാര്യങ്ങളിൽ മാന്യമായ നടപടിക്രമം തയാറാക്കുകയാണ് ലക്ഷ്യമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി ഡോ. ദീപക് സാവന്ത് പറഞ്ഞു.
ഇമാെൻറ ഭാരം കുറക്കൽ ചികിത്സയിലൂടെ രാജ്യത്തെ വൈദ്യ ടൂറിസം ലോകശ്രദ്ധ നേടിയെങ്കിലും വിവാദം പ്രതികൂല പ്രതിച്ഛായയുണ്ടാക്കിയെന്ന് ദീപക് സാവന്ത് പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനാണ് ആശുപത്രികൾക്ക് മാർഗനിർദേശം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇമാനെ ചികിത്സിച്ച സെയ്ഫി ഹോസ്പിറ്റലിനും ഡോ. മുഫസ്സൽ ലക്ഡാവാലക്കുമെതിരെ സഹോദരി ശൈമ സലിം പ്രതികരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. തുടർന്ന് തുടർ ചികിത്സക്കായി ഇമാനെ അബൂദബിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.