ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ആരോപണവുമായി രംഗത്തെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇൻഡ്യ സഖ്യ പാർട്ടികളെയും വിമർശിച്ച് തെരഞ്ഞെടുപ്പ് കമീഷൻ രംഗത്ത്. ‘വോട്ട് ചോരി’ പ്രയോഗം കോടിക്കണക്കിന് വോട്ടര്‍മാരെ അപമാനിക്കുന്നതും ലക്ഷക്കണക്കിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണെന്ന് കമീഷൻ പറഞ്ഞു. 1951-52ലെ ആദ്യ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന നിയമപ്രകാരമാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നും കമീഷൻ വ്യക്തമാക്കി. വോട്ടര്‍ പട്ടികയിൽ ക്രമക്കേടുണ്ടെങ്കിൽ രാഹുല്‍ ഗാന്ധി തെളിവ് ഹാജരാക്കാൻ തയാറാകണമെന്ന് കമീഷന്‍ വീണ്ടും ആവശ്യപ്പെട്ടു.
ഇരട്ട വോട്ട് നടന്നതിന് തെളിവുണ്ടെങ്കില്‍ എത്രയും വേഗം നൽകാനാണ് കമീഷൻ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മണ്ഡലങ്ങളായ റായ്ബറേലിയിലും, വയനാട്ടിലും കള്ളവോട്ട് നടന്നുവെന്ന മുന്‍ മന്ത്രി അനുരാഗ് താക്കൂറിന്‍റെ ആരോപണങ്ങളോട് കമീഷന്‍ പ്രതികരിച്ചിട്ടില്ല. ഇരട്ട വോട്ടടക്കം ആരോപണങ്ങള്‍ അനുരാഗ് താക്കൂറും ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു തെളിവും കമീഷന് കൈമാറില്ലെന്നും അന്വേഷിച്ച് കണ്ട് പിടിക്കട്ടെയെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. അനുരാഗ് താക്കൂര്‍ ഉന്നയിച്ച കള്ളവോട്ട് ആക്ഷേപവും ഫലത്തില്‍ കൊള്ളുന്നത് തെരഞ്ഞെടുപ്പ് കമീഷന് തന്നെയാണ്.
ഞായറാഴ്ച തുടങ്ങി സെപ്റ്റംബര്‍ ഒന്ന് വരെ നീളുന്ന വോട്ട് അധികാര്‍ യാത്രയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തുറന്നുകാട്ടാനാണ് രാഹുല്‍ ഗാന്ധിയുടെ ശ്രമം. വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ 65 ലക്ഷം പേരെ ഒഴിവാക്കിയ ബിഹാറിലെ ഗ്രാമങ്ങളില്‍ രാഹുലിനൊപ്പം തേജസ്വി യാദവുമെത്തി നിജസ്ഥിതി വിശദീകരിക്കും. സെപ്റ്റംബര്‍ ഒന്നിന് പാറ്റ്നയില്‍ മഹാറാലിയും നടത്തും. ഇന്ന് രാത്രി 8 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിന് തുടക്കമിടുകയാണ്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് കമീഷനെ തുറന്നുകാട്ടാന്‍ ഇത്തരമൊരു വലിയ പ്രചാരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ജനങ്ങളില്‍ സംശയം ജനിപ്പിച്ച് കമീഷനെ പുകമറയില്‍ നിര്‍ത്താനുള്ള നീക്കം ബി.ജെ.പിയേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.