രാജീവ് കുമാർ

ഇലക്ടറൽ ബോണ്ട്; എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് വെളിപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും കൃത്യസമയത്ത് തെരഞ്ഞെടുപ്പ് കമീഷൻ (ഇ.സി.ഐ) വെളിപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. ഇലക്ടറൽ ബോണ്ട് ഡാറ്റ വെളിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഡാറ്റ പരിശോധിച്ച് കൃത്യസമയത്ത് അത് വെളിപ്പെടുത്തും എന്നായിരുന്നു മറുപടി.

2019 ഏപ്രിൽ 12നും 2024 ഫെബ്രുവരി 15നും ഇടയിൽ വാങ്ങിയതും പണമാക്കിയതുമായ ബോണ്ടുകളുടെ വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ചെയർമാൻ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന വന്നത്.

2019 ഏപ്രിലിനും 2024 ഫെബ്രുവരി 15 നും ഇടയിൽ വാങ്ങിയത് 22,217 ബോണ്ടുകളാണെന്നും അതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും എസ്.ബി.ഐ സത്യവാങ്മൂലത്തിൽ അറിയിച്ചു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച രേഖകൾ തെരഞ്ഞെടുപ്പ് കമീഷന് കൈമാറണമെന്ന് ഉത്തരവ് നടപ്പാക്കി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് എസ്.ബി.ഐ ഇക്കാര്യം അറിയിച്ചത്. പാസ്​വേഡ് പരിരക്ഷയുള്ള പി.ഡി.എഫ് ഫയലുകളിലാണ് ഡാറ്റ കൈമാറിയത്. എസ്.ബി.ഐക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരായത്.

ആരൊക്കെയാണ് ബോണ്ടുകൾ വാങ്ങിയതെന്നും ഏതൊക്കെ ബോണ്ടുകളാണ് വാങ്ങിയതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചതായും എസ്.ബി.ഐ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു. ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച പൂർണ വിവരങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തിനകം തെരഞ്ഞെടുപ്പ് കമീഷൻ വെബസൈറ്റിലൂടെ പരസ്യപ്പെടുത്തണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Tags:    
News Summary - Election Commission (ECI) will disclose all details on electoral bonds in time-Chief Election Commissioner (CEC) Rajiv Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.