തെളിവ് എവിടെയെന്ന് രാഹുലിനോട് കമീഷൻ; കുറ്റകൃത്യത്തിൽ പങ്കാളികളായ ആരെയും വെറുതെവിടില്ലെന്ന് രാഹുൽ

ന്യൂഡൽഹി: ഡൽഹിയിലെ കോൺഗ്രസിന്റെ പുതിയ ആസ്ഥാനത്ത് രാഹുൽ ഗാന്ധി കർണാടകയിലെ ‘വോട്ടു ചോരി’ (വോട്ടു ചോരണം) പുറത്തുവിട്ട് രാഹുൽ ഗാന്ധി നടത്തിയ വാർത്തസമ്മേളനം മുഴുമിക്കുംമുമ്പേ മുന്നറിയിപ്പുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ സത്യപ്പെടുത്തി രാഹുൽ ബുധനാഴ്ച വൈകീട്ടോടെ പ്രതിജ്ഞയെടുക്കണമെന്ന കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ മുന്നറിയിപ്പ് സന്ദേശം കമീഷൻ മാധ്യമപ്രവർത്തകർക്ക് അയച്ചത് വാർത്തസമ്മേളനത്തിനിടയിലാണ്. പിന്നീട് ഉന്നയിച്ച വിഷയങ്ങൾ പരാതിയായി നൽകാൻ കമീഷൻ രാഹുലിനോട് ആവശ്യപ്പെട്ടു.

ഇതേകുറിച്ചുള്ള ചോദ്യത്തിന് കമീഷന്റെതന്നെ തെളിവുകൾ വെച്ച് തനിക്ക് പറയാനുള്ളത് പറഞ്ഞുകഴിഞ്ഞുവെന്ന് രാഹുൽ അതിന് മറുപടി നൽകി. അതേസമയം, കുറ്റകൃത്യത്തിൽ പങ്കാളികളായ കമീഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും സമാധാനം ബോധിപ്പിക്കേണ്ടിവരുമെന്നും ആരെയും വെറുതെവിടില്ലെന്നും രാഹുൽ ഓർമിപ്പിച്ചു.

തെളിവുകൾ സമർപ്പിക്കണമെന്ന് കർണാടക തെരഞ്ഞെടുപ്പ് ഓഫിസർ

ബംഗളൂരു: 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുര നിയമസഭ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണത്തിനായി രാഹുൽ ഗാന്ധി തെളിവുകൾ സത്യവാങ്മൂലമായോ സത്യപ്രതിജ്ഞയായോ സമർപ്പിക്കണമെന്ന് കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വി. അൻപുകുമാർ പറഞ്ഞു. ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം കഴിഞ്ഞതിന് പിന്നാലെയായിരുന്നു ബംഗളൂരുവിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ പ്രതികരണം. രാഹുൽ ഗാന്ധി ഒപ്പിട്ടു നൽകുന്നതിനായി സത്യവാങ്മൂലത്തിന്റെ മാതൃകയും വിജ്ഞാപനത്തിലൂടെ പുറത്തുവിട്ടിട്ടുണ്ട്. വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയെന്നോ ഒഴിവാക്കിയെന്നോ പരാമർശിക്കപ്പെടുന്നവരുടെ പേരു വിവരം, സീരിയൽ നമ്പർ എന്നിവയടക്കമുള്ള വിവരങ്ങൾ സത്യവാങ്മൂലമായി സമർപ്പിക്കണമെന്നാണ് ആവശ്യം.

രാഹുൽ ഗാന്ധി വ്യാഴാഴ്ച വൈകീട്ടുതന്നെ സത്യവാങ്മൂലത്തിൽ ഒപ്പിട്ടു നൽകുകയോ അദ്ദേഹത്തിന്റെ ആരോപണങ്ങൾ പിൻവലിക്കുകയോ വേണമെന്നും തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കമീഷന്റെ വെല്ലുവിളി സ്വീകരിച്ച് കോൺഗ്രസ്

ന്യൂഡൽഹി: വോട്ട് മോഷണം വിശദീകരിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്തസമ്മേളനത്തിന് പിന്നാലെ കര്‍ണാടക തെരഞ്ഞെടുപ്പ് കമീഷൻ നടത്തിയ വെല്ലുവിളി കോണ്‍ഗ്രസ് സ്വീകരിക്കുന്നുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഇത്രയും വലിയ ക്രമക്കേടും വെട്ടിപ്പും തെളിവ് സഹിതം തുറന്നുകാട്ടിയിട്ടും അതില്‍ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കാതെ വെല്ലുവിളി നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി നാണക്കേടാണ്.

കമീഷന്‍ നീതിപൂര്‍വമായി പ്രവര്‍ത്തിക്കണം. നേരത്തേ ഏതു പാര്‍ട്ടി ഭരിച്ചാലും കമീഷന്‍ സ്വതന്ത്രമായിരുന്നു. ഇപ്പോഴങ്ങനെയല്ല. ഇതിനെതിരായ നിയമപരവും രാഷ്ട്രീയപരവുമായ പോരാട്ടം ശക്തിപ്പെടുത്തും. ജനാധിപത്യം സംരക്ഷിക്കാനുള്ള ജീവന്മരണ പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട കമീഷന്‍ ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ഇതിനെല്ലാം കൂട്ടുനില്‍ക്കുകയാണ്. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി രേഖാമൂലം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Tags:    
News Summary - Election Commission asks rahul where is evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.