തെരഞ്ഞെടുപ്പ് ബോണ്ട്: കേസ് സുപ്രീംകോടതി ഡിസംബറിലേക്ക് നീട്ടി

ന്യൂഡൽഹി: ബി.ജെ.പിക്ക് ഏറ്റവും ഗുണം ചെയ്ത സംഭാവനക്കാരെ വെളിപ്പെടുത്താത്ത അജ്ഞാത തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കെതിരായ ഹരജി ഒന്നര വർഷത്തിനുശേഷം സുപ്രീംകോടതി പരിഗണിച്ചു. എന്നാൽ ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് കേസിൽ വാദം കേൾക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി കേസ് ഡിസംബർ ആറിലേക്ക് മാറ്റി. 

തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ), സി.പി.എം തുടങ്ങിയവർ സമർപ്പിച്ച ഹരജി 2021 മാർച്ച് 26ന് പരിഗണിച്ച ശേഷമാണ് വെള്ളിയാഴ്ച വീണ്ടുമെടുത്തത്. വരാനിരിക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പുകളിലും അജ്ഞാതരുടെ പണം തെരഞ്ഞെടുപ്പ് ബോണ്ടുകളായി ഇറങ്ങുമെന്നും അതിനുമുമ്പേ ഹരജിയിൽ വാദം കേൾക്കണമെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, ഗോപാൽ ശങ്കരനാരായണൻ എന്നിവർ വാദിച്ചു.

എന്നാൽ, ഹരജികൾ അടിയന്തരമായി കേൾക്കേണ്ടതില്ലെന്നും അടുത്ത വർഷം ജനുവരിയിലേക്ക് നീട്ടണമെന്നും കേന്ദ്ര സർക്കാറിന്റെ അറ്റോണി ജനറൽ ആർ. വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. തെരഞ്ഞെടുപ്പ് ബോണ്ട് കേസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും മേത്ത അവകാശപ്പെട്ടു.

തുടർന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങുന്ന ബെഞ്ച് ഡിസംബർ ആറിലേക്ക് നീട്ടിവെച്ചു. വിഷയം വിശാല ബെഞ്ചിലേക്ക് വിടണമെന്ന ഹരജിക്കാരുടെ ആവശ്യത്തെയും കേന്ദ്ര സർക്കാർ എതിർത്തു. ഈ ബെഞ്ച് പ്രാഥമികമായി കേട്ട് പരിഗണന വിഷയങ്ങൾ നിർണയിച്ചശേഷം മതി അതെന്ന് മേത്ത വാദിച്ചു.

ജനപ്രാതിനിധ്യ നിയമത്തിനു പുറമെ റിസർവ് ബാങ്ക് നിയമം, കമ്പനി നിയമം, ആദായ നികുതി നിയമം, വിദേശ സംഭാവന നിയന്ത്രണ നിയമം എന്നിവ ഭേദഗതി ചെയ്ത് തെരഞ്ഞെടുപ്പ് ബോണ്ടുകൾക്കായി മോദിസർക്കാർ 2017ൽ കൊണ്ടുവന്ന ധനനിയമത്തിനെതിരെയാണ് ഹരജികൾ.

Tags:    
News Summary - Election Bond: The Supreme Court extended the case till December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.