മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെ വിശ്വാസം നേടി

മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് ഏക്നാഥ് ഷിൻഡെ സർക്കാർ അധികാരമേറ്റത്. നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 164 പേരുടെ പിന്തുണയാണ് ഷിൻഡെക്ക് ലഭിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ 20 വോട്ട് അധികം ഷിൻഡെക്ക് ലഭിച്ചു. എതിർപക്ഷത്ത് 99 അംഗങ്ങളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാർഥിക്ക് 107 വോട്ട് ലഭിച്ചിരുന്നു.

288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 106 എം.എൽ.എമാരുണ്ട്. ഒരു ശിവസേന എംഎൽഎയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാൻ 144 വോട്ടുകളാണ് വേണ്ടത്. 39 ശിവസേന വിമതർ അടക്കം 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെട്ടിരുന്നത്.

രാവിലെ സഭ സമ്മേളിച്ചതിനു പിന്നാലെയാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് എം.എൽ.എമാരായ സീഷാൻ സിദ്ദീഖി, വിജയ് വഡേട്ടിവാര്‍ എന്നിവര്‍ സഭയില്‍ എത്തിയിരുന്നില്ല. മുൻ മന്ത്രി അശോക് ചവാൻ വോട്ടെടുപ്പിനു ശേഷം സഭയിലെത്തി. എൻ.സി.പിയുടെ സംഗറാം ജഗദീപിന്റെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. ഇവർ നാലുപേരും സ്പീക്കർ തെരഞ്ഞെടുപ്പിനുണ്ടായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.