ഹൈദരാബാദ്: ഇഫ്ളു വിദ്യാർഥി യൂനിയൻ ചൊവ്വാഴ്ച കാമ്പസിൽ സമാധാനപരമായി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യറാലിക്കുനേരെ എ.ബി.വി.പി ആക്രമണം. സ്ഥലത്തെത്തിയ പൊലീസിന്റെ മൗനാനുവാദത്തോടെയാണ് സംഘ്പരിവാർ വിദ്യാർഥി സംഘടന പ്രവർത്തകർ ആക്രമണം നടത്തിയത്.
ഇതിനുശേഷം റാലിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ തെലങ്കാന പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. വിദ്യാർഥി യൂനിയൻ ജോയിന്റ് സെക്രട്ടറിയും ഫ്രറ്റേണിറ്റി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നൂറ മൈസൂൻ, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷാഹീൻ, മറ്റ് വിദ്യാർഥി യൂനിയൻ നേതാക്കൾ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഒരാളെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസിനെ ആക്രമിച്ചു, മറ്റൊരു രാജ്യത്തെ പിന്തുണക്കുന്നതിനായി ഇന്ത്യയെ അപമാനിച്ചു എന്നീ കാരണങ്ങൾ പറഞ്ഞ് ഭാരതീയ ന്യായസംഹിതയിലെ 132,196,221,ആർ/ഡബ്ല്യു 190 എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തത്.
ചൊവ്വാഴ്ച കാമ്പസിലെ സാഗർ സ്ക്വയറിൽ നടന്ന റാലിക്കു നേരെയാണ് എ.ബി.വി.പി പ്രവർത്തകർ ആക്രമണം നടത്തിയത്. ഫലസ്തീൻ പതാകകളും ബാനറുകളും കൈയിലേന്തി കഫിയ ധരിച്ചായിരുന്നു വിദ്യാർഥികൾ റാലിയിൽ പങ്കെടുത്തത്. അൽപസമയം കഴിഞ്ഞ് മുദ്രാവാക്യം വിളികളുമായി കാമ്പസിലെത്തിയ എ.ബി.വി.പി പ്രവർത്തകർ ഫലസ്തീൻ പതാകകൾ കീറിയെറിയുകയും റാലിയിൽ പങ്കെടുത്ത വിദ്യാർഥികളെ ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സംഭവസമയം കാമ്പസിലുണ്ടായിരുന്ന വിദ്യാർഥി വാഹിദ് ചുള്ളിപ്പാറ പറയുന്നു. പൊലീസ് എ.ബി.വി.പിക്കാരെ തടയാൻ ശ്രമിക്കാതെ അവരുടെ പക്ഷം ചേരുകയും റാലിയിൽ ഉപയോഗിച്ച ബാനറുകളും മറ്റും നീക്കം ചെയ്യാൻ ഉത്തരവിടുകയായിരുന്നുവെന്നും വാഹിദ് ആരോപിച്ചു.
ആക്രമിക്കാനെത്തിയ എ.ബി.വി.പി പ്രവർത്തകരെ പ്രതിരോധിക്കാൻ തുനിഞ്ഞ വിദ്യാർഥികളെ നേരിടാനാണ് പൊലീസ് ശ്രമിച്ചത്. പോലീസ് പിന്തുണയോടെ, എ.ബി.വി.പി പ്രവർത്തകർ കഫിയ ധരിച്ച വിദ്യാർഥിയെ വലിച്ചിഴച്ചു. ഈ വിദ്യാർഥിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിന്റെ നീതിരഹിതമായ സമീപനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ മെയിൻ ഗേറ്റിനരികെ പ്രതിഷേധവുമായെത്തി. സ്റ്റുഡന്റ്സ് യൂനിയൻ വൈസ് പ്രസിഡന്റും ജോയന്റ് സെക്രട്ടറിയും അടക്കമുള്ള വനിതാ വിദ്യാർഥി നേതാക്കളെ പുരുഷ പൊലീസുകാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്.
പെൺകുട്ടികളെ കൈയേറ്റം ചെയ്യാനടക്കം ശ്രമിച്ച എ.ബി.വി.പി പ്രവർത്തകരെ തടയാതെ വിദ്യാർഥികൾക്കുനേരെ തോക്കുചൂണ്ടിയ പൊലീസ് ഇഫ്ളു അധികൃതരുടെ സംഘപരിവാർ പ്രീണനത്തിൽ നിന്നു ശ്രദ്ധ ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആരോപിച്ചു. തെലങ്കാന പോലീസ് കേസ് പിൻവലിക്കണമെന്നും വിഷയത്തെ രാജ്യവിരുദ്ധമായി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.