ന്യൂഡൽഹി: കർണാടക പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറിനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടിവന്ന 2017ലെ രാജ്യസഭ തെരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്ര ഏജൻസികൾ തുടങ്ങിയ അന്വേഷണ നടപടികളിലെ പുതിയ സംഭവവികാസമാണിത്. ബി.ജെ.പിയുടെ ചാക്കിട്ടുപിടിത്തം ഒഴിവാക്കാൻ ഗുജറാത്തിൽനിന്ന് കോൺഗ്രസ് എം.എൽ.എമാരെ കർണാടകത്തിലെ റിസോർട്ടിൽ കൊണ്ടുവന്ന് പാർപ്പിച്ചിരുന്നു. ഇതിന് ചുക്കാൻ പിടിച്ചത് ശിവകുമാറാണ്.
നികുതിവെട്ടിപ്പ്, ഹവാല ഇടപാട്, വരവിൽ കവിഞ്ഞ സ്വത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ശിവകുമാറിനെതിരെ ഏറെ വൈകാതെ ആദായനികുതി വകുപ്പ് കേസെടുത്തു. നിരവധി സ്ഥലങ്ങളിൽ റെയ്ഡ് നടത്തി.
തൊട്ടുപിന്നാലെ ഇ.ഡിയും സി.ബി.ഐയും അന്വേഷണം നടത്തി. ശിവകുമാറിനും ഡൽഹി കർണാടക ഭവൻ ജീവനക്കാരനായ ആഞ്ജനേയ ഹനുമന്തയ്യക്കുമെതിരെ 2018ൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ കുറ്റപത്രം. അന്വേഷണ ഏജൻസികളെ രാഷ്ട്രീയ പ്രതിയോഗികൾക്ക് നേരെ ഉപയോഗിക്കുന്നതിന്റെ പുതിയ തെളിവാണ് ഇ.ഡിയുടെ കുറ്റപത്രമെന്ന് ശിവകുമാർ പ്രതികരിച്ചു. കീഴടങ്ങില്ലെന്നും എല്ലാം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.