ന്യൂഡൽഹി: അനധികൃത കൽക്കരി ലെവിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഛത്തീസ്ഗഢിൽ രണ്ടു കോൺഗ്രസ് എം.എൽ.എമാരുടെയും പി.സി.സി ട്രഷററുടെയും സ്വത്ത് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) കണ്ടുകെട്ടി. എം.എൽ.എമാരായ ദേവേന്ദർ യാദവ്, ചന്ദ്രദേവ് യാദവ് റായ്, പി.സി.സി ട്രഷറർ രാംഗോപാൽ അഗർവാൾ എന്നിവരുടെ സ്വത്താണ് പിടിച്ചെടുത്തത്.
കേസിലെ മുഖ്യപ്രതി കൽക്കരി വ്യാപാരി സൂര്യകാന്ത് തിവാരി, ഐ.എ.എസ് ഓഫിസർ റാനു സാഹു, സംസ്ഥാന കോൺഗ്രസ് വക്താവ് ആർ.പി. സിങ്, പ്രാദേശിക കോൺഗ്രസ് നേതാവ് വിനോദ് തിവാരി എന്നിവരുടെയും സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. മുഖ്യപ്രതിയായ സൂര്യകാന്ത് തിവാരിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് മറ്റുള്ളവർക്കെതിരായ നടപടിയെന്ന് ഇ.ഡി വ്യക്തമാക്കി. ഇതേ കേസിൽ ഇ.ഡി നേരത്തേ ഐ.എ.എസ് ഓഫിസർ സമീർ വിഷ്‍ണോയി, സംസ്ഥാന ബ്യൂറോക്രാറ്റ് സർവിസിലെ സൗമ്യ ചൗരസ്യ എന്നിവരുടെ 170 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയിരുന്നു. ഇതോടെ കേസിൽ മൊത്തം 221 കോടിയുടെ സ്വത്ത് കണ്ടുകെട്ടി.
ഛത്തീസ്ഗഢിൽനിന്ന് കൊണ്ടുപോകുന്ന ഓരോ ടൺ കൽക്കരിക്കും 25 രൂപ വീതം അനധികൃത ലെവി ഈടാക്കുന്ന വമ്പൻ അഴിമതിയാണ് ഇ.ഡി അന്വേഷിക്കുന്നത്. സൂര്യകാന്ത് തിവാരി, സഹോദരൻ ലക്ഷ്മികാന്ത് തിവാരി, സമീർ വിഷ്‍ണോയി, സൗമ്യ ചൗരസ്യ എന്നിവരടക്കം ഒമ്പതുപേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.