1,100 കോടിയുടെ തട്ടിപ്പ്; തമിഴ്നാട്ടിൽ നാല് ഡയറക്ടർമാരെ ഇ.ഡി അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിൽ 1,100 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് നാലുപേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്‌ക് അസറ്റ് ഗ്രൂപ്പിന്റെ ഡയറക്ടർമാരെയാണ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. എൻ. ഉമാശങ്കർ, എൻ. അരുൺകുമാർ, വി. ജനാർദ്ധനൻ, എ. ശരവണകുമാർ എന്നിവരാണ് പിടിയിലായത്.

ഡിസ്‌ക് അസറ്റ്‌സ് ലീഡ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന ഇവരുടെ കമ്പനി ഉയർന്ന പലിശക്ക് ഭൂമിയും പണവും വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് 1,100 കോടിയിലധികം രൂപ പിരിച്ചെടുത്തുവെന്നാണ് ആരോപണം. സമാഹരിച്ച പണം സബ്‌സിഡി നിക്ഷേപത്തിന്റെ മറവിൽ കുടുംബാംഗങ്ങൾക്കും, റോയൽറ്റി അടക്കാനും, മറ്റ് സ്ഥാപനങ്ങളിലേക്ക് ലാഭവിഹിതമായും വിനിയോഗിച്ചിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി. സ്ഥാപനത്തിന്‍റെ പേരിൽ 207 കോടി രൂപ വിലമതിക്കുന്ന 1081 സ്വത്തുക്കളും ഏജൻസി കണ്ടുകെട്ടിയിട്ടുണ്ട്.

പ്രതികൾ മദ്രാസ് ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹരജി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് പെറ്റീഷൻ (എസ്‌.എൽ.പി) ഫയൽ ചെയ്തിരുന്നു. എന്നാൽ പ്രതികളുടെ അപ്പീൽ 2022 ഫെബ്രുവരി 25ന് സുപ്രീം കോടതി തള്ളി. നാല് പ്രതികളെയും ചെന്നൈ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags:    
News Summary - ED arrests four directors of Tamil Nadu-based firm for cheating public of Rs 1,100 cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.