കിഴക്കൻ ലഡാക്ക്: പ്രശ്ന പരിഹാരം ഊർജിതമാക്കാൻ ഇന്ത്യ-ചൈന ധാരണ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അവശേഷിക്കുന്ന തർക്ക മേഖലകളിൽ പ്രശ്ന പരിഹാരത്തിന് ഊർജിത ശ്രമം നടത്താൻ ഇന്ത്യയും ചൈനയും സമ്മതിച്ചു. സെന്റ് പീറ്റേഴ്സ്ബർഗിൽ ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നടത്തിക കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഉഭയകക്ഷി ബന്ധം സാധാരന നിലയിലാകുന്നതിന് അതിർത്തിയിലെ സമാധാനവും യഥാർഥ നിയന്ത്രണരേഖ അംഗീകരിക്കലും പ്രധാനമാണെന്ന് ഡോവൽ ചൂണ്ടിക്കാട്ടി.
റഷ്യൻ സർക്കാറിന്റെ സുരക്ഷ സെക്രട്ടറി സെർജി ഷോയ്ഗുവുമായും ഡോവൽ കൂടിക്കാഴ്ച നടത്തി. റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ വിഷയമായതായാണ് വിവരം.
യുദ്ധം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തുമെന്ന് രണ്ടാഴ്ച മുമ്പ് യുക്രെയ്ൻ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് ഉറപ്പുനൽകിയിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി മോദി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സമാധാന ശ്രമങ്ങൾക്കുള്ള ഇടപെടലുമായി അജിത് ഡോവൽ റഷ്യയിലെത്തിയിരിക്കുന്നത്.
ഉഭയകക്ഷി സഹകരണവുമായും ഇരുരാജ്യങ്ങളെയും ബാധിക്കുന്ന സുപ്രധാന വിഷയങ്ങളുമായും ബന്ധപ്പെട്ട കാര്യങ്ങൾ ഡോവലും ഷോയ്ഗുവും ചർച്ച ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.