മതം മാറിയ മുസ്ലിങ്ങളുടെ സംവരണം: സുപ്രീംകോടതി വിധിക്കെതിരെ സ്റ്റാലിൻ; 'തമിഴ്നാട് സർക്കാർ അപ്പീൽ നൽകണം'
ചെന്നൈ: മതം മാറിയതുകൊണ്ടുമാത്രം ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന സാമൂഹിക പിന്നാക്കാവസ്ഥ ഇല്ലാതാകില്ലെന്ന് ഡി.എം.കെ അധ്യക്ഷനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ഇസ്ലാമിലേക്ക് മതം മാറിയ പിന്നാക്ക വിഭാഗക്കാർക്ക് സംവരണം നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെ തമിഴ്നാട്ടിലെ ടി.വി.കെ സർക്കാർ പ്രത്യേക ഹരജി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“സാമൂഹിക പിന്നാക്കാവസ്ഥ ഒരു ദിവസം കൊണ്ടോ ഒരു തലമുറ കൊണ്ടോ ഉണ്ടാകുന്നതല്ല. ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന സാമൂഹിക വ്യവസ്ഥയുടെ ഫലമാണത്. മറ്റൊരു മതത്തിലേക്ക് മാറിയതുകൊണ്ട് അത് ഇല്ലാതാകില്ല,” സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്ലാമിലേക്ക് മതം മാറിയ ഹിന്ദു പിന്നാക്ക വിഭാഗക്കാർക്ക് സംവരണം നിഷേധിച്ച മദ്രാസ് ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചത് സാമൂഹിക നീതിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. പിന്നാക്ക വിഭാഗങ്ങൾക്കും അതീവ പിന്നാക്ക വിഭാഗങ്ങൾക്കും പട്ടികജാതി വിഭാഗങ്ങൾക്കും ജാതി അടിച്ചമർത്തൽ നേരിട്ടതിന്റെ പേരിൽ ലഭിക്കേണ്ട സംവരണ ആനുകൂല്യങ്ങൾ തുടരണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
ദ്രാവിഡ മാതൃകാ ഭരണകാലത്ത് ഹിന്ദുമതത്തിൽനിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയ ആദി ദ്രാവിഡർക്ക് സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ സർക്കാർ പ്രമേയം പാസാക്കിയിരുന്നുവെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ഈ ശ്രമങ്ങൾ ടി.വി.കെ സർക്കാർ മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദുമതത്തിൽനിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള അഹിന്ദു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് പൂർവ ജാതി പദവിയുടെ അടിസ്ഥാനത്തിൽ പിന്നാക്ക വിഭാഗ സംവരണം അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. തമിഴ്നാട് സർക്കാരിന്റെ ഹരജി തള്ളിയ കോടതി, ഇസ്ലാമിലേക്ക് മതം മാറിയതുകൊണ്ടുമാത്രം സംസ്ഥാനത്ത് വിജ്ഞാപനം ചെയ്ത ഏഴ് മുസ്ലിം പിന്നാക്ക വിഭാഗങ്ങളിൽ അംഗത്വം ലഭിക്കില്ലെന്നും നിരീക്ഷിച്ചിരുന്നു.
ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് മദ്രാസ് ഹൈകോടതിയുടെ വിധി ശരിവെച്ചത്. മതം മാറുന്നതിന് മുമ്പുള്ള ജാതി പദവി പിന്നീട് മുസ്ലിം പിന്നാക്ക വിഭാഗത്തിന്റെ പദവിയായി സ്വമേധയാ മാറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
2015ൽ ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മാറിയ തൂത്തുക്കുടി സ്വദേശി സമീർ അഹമ്മദിന് തമിഴ്നാട്ടിലെ പിന്നാക്ക മുസ്ലിം വിഭാഗമായ ‘മുസ്ലിം ലെബ്ബൈ’ സർട്ടിഫിക്കറ്റ് നിഷേധിച്ചതാണ് കേസിന് ആധാരം. മതപരിവർത്തനം നടത്തിയവർക്ക് സംവരണം അനുവദിക്കാമെന്ന തമിഴ്നാട് സർക്കാരിന്റെ 2024ലെ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.