അണ്ണാ ഡി.എം.കെയിൽ ഒ.പി.എസ്, ഇ.പി.എസ് ഇരട്ട നേതൃത്വം തുടരും

ചെന്നൈ: അണ്ണാ ഡി.എം.കെയിലെ അധികാര തർക്കത്തിൽ ഒ. പന്നീർസെൽവത്തിന് (ഒ.പി.എസ്) ആശ്വാസവും എടപ്പാടി പളനിസാമി (ഇ.പി.എസ്) വിഭാഗത്തിന് തിരിച്ചടിയുമായി മദ്രാസ് ഹൈകോടതി വിധി. അണ്ണാ ഡി.എം.കെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ (ഇ.പി.എസ്) നിയമിച്ചതും സംഘടനയുടെ കോ ഓഡിനേറ്ററായിരുന്ന ഒ.പി.എസിനെയും അനുയായികളെയും പുറത്താക്കിയതും അടക്കം തീരുമാനങ്ങൾക്ക് സാധുതയില്ലെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രൻ വിധിച്ചു.

ഓരോ വിഭാഗവും പ്രത്യേകം ജനറൽ കൗൺസിൽ വിളിക്കുന്നത് വിലക്കിയ കോടതി, സംഘടനാതലത്തിൽ ജൂൺ 23ന് മുമ്പുള്ള തൽസ്ഥിതി തുടരുമെന്നും വ്യക്തമാക്കി. ഇതനുസരിച്ച് പാർട്ടി കോ ഓഡിനേറ്ററായി ഒ.പി.എസും ജോയന്റ് കോ ഓഡിനേറ്ററായി ഇ.പി.എസും തുടരും.

ഒ.പി.എസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ കോടതിവിധിയിൽ അനുയായികൾ സംസ്ഥാനമൊട്ടുക്കും ആഹ്ലാദപ്രകടനം നടത്തി. എന്നാൽ, നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് ഇ.പി.എസ് വക്താവ് ഡി. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ജൂൺ 23ന് ചേർന്ന ജനറൽ കൗൺസിലിൽ പാർട്ടിയിൽ ഒറ്റനേതൃത്വം വേണമെന്ന ആവശ്യത്തിൽ ഇ.പി.എസ്-ഒ.പി.എസ് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഒ.പി.എസും കൂട്ടരും യോഗം ബഹിഷ്കരിക്കുകയും ചെയ്തു.തുടർന്ന് ജൂലൈ 11ന് ഇ.പി.എസ് വിഭാഗം വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗത്തിൽ ഇ.പി.എസിനെ ഇടക്കാല ജനറൽ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. ഈ യോഗം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒ.പി.എസ് വിഭാഗം ഹൈകോടതിയെ സമീപിച്ചത്. 

Tags:    
News Summary - dual leadership of OPS and EPS will continue in Anna DMK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.