ന്യൂഡൽഹി: അധ്യാപക എതിർപ്പിനിടെ, പൊളിറ്റിക്കൽ സയൻസ് സിലബസിൽനിന്ന് സമകാലിക ലോകത്ത് ചൈനയുടെ പങ്ക്, പാകിസ്താൻ: രാഷ്ട്രവും സമൂഹവും ഇസ്ലാമും അന്താരാഷ്ട്ര ബന്ധങ്ങളും, മത ദേശീയതയും രാഷ്ട്രീയ അക്രമവും തുടങ്ങിയ വിഷയങ്ങൾ നീക്കാനൊരുങ്ങി ഡൽഹി സർവകലാശാല.
ബുധനാഴ്ച ചേർന്ന ഡൽഹി സർവകലാശാല അക്കാദമിക കാര്യങ്ങളിലെ സ്റ്റാൻഡിങ് സമിതി ഈ വിഷയങ്ങൾ പുനപ്പരിശോധന ആവശ്യപ്പെട്ട് ബന്ധപ്പെട്ട വകുപ്പിലേക്ക് തിരിച്ചയച്ചു. വിഷയം ഇന്ത്യ കേന്ദ്രീകൃതമായി നിലനിർത്താനും പാകിസ്താനെ മഹത്വപ്പെടുത്തരുതെന്നും സമിതി പൊളിറ്റിക്കൽ സയൻസ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനും ചൈനയുമടങ്ങുന്ന പാഠഭാഗങ്ങൾ നീക്കം ചെയ്യുന്നത് ബിരുദാനന്തര തലത്തിൽ ഭൂരാഷ്ട്രീയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയുംകുറിച്ചുള്ള അക്കാദമിക് പഠനത്തെ ദുർബലപ്പെടുത്തുമെന്ന് യോഗത്തിൽ അധ്യാപകർ ചൂണ്ടിക്കാട്ടി.
എന്നാൽ, ബി.ജെ.പി പിന്തുണയുള്ള നാഷനൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് (എൻ.ഡി.ടി.എഫ്) ഈ വിഷയങ്ങൾ നീക്കണമെന്ന നിലപാടും സ്വീകരിച്ചു. മത ദേശീയതയും രാഷ്ട്രീയ അക്രമവും എന്ന വിഷയത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തെയും ആർ.എസ്.എസ് പ്രത്യയശാസ്ത്രത്തെയും അക്രമവുമായി തുലനം ചെയ്യുന്നുണ്ടെന്നും അത് തെറ്റാണെന്നും സംഘ്പരിവാർ അനുകൂല സംഘടനയിലെ അധ്യാപകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.