മുംബൈ: മദ്യപിച്ച് ലക്കുകെട്ട് ക്ലാസ് മുറിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലെ സംഭാജിനഗറിലുള്ള ജില്ല പരിഷത്ത് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ വിനോദ് കട്‌കെയെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്.
സി.ജെ.പി രാജ്യവ്യാപകമായി നടപ്പിലാക്കുന്ന 'സ്കൂൾ നന്നാക്കൂ' കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അധ്യാപകന്റെ ഈ പ്രവർത്തി പുറത്തായത്. ക്ലാസ് മുറിയിലെ തറയിൽ മദ്യലഹരിയിൽ ബോധമില്ലാതെ കിടക്കുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങൾ സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ തന്റെ എക്സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. ഈ വീഡിയോ വലിയ വിവാദമായതോടെയാണ് വിദ്യാഭ്യാസ വകുപ്പും ജില്ല ഭരണകൂടവും വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.
പ്രധാനാധ്യാപകനെതിരെ നാട്ടുകാരും രക്ഷിതാക്കളും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇയാൾ പതിവായി മദ്യപിച്ച് സ്കൂളിലെത്താറുണ്ടെന്നും, വിദ്യാർഥികളോടും രക്ഷിതാക്കളോടും മോശമായി പെരുമാറുന്നത് പതിവാണെന്നും പരാതിയിൽ പറയുന്നു. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം മൂന്ന് മണിവരെ ഇയാൾ ക്ലാസുകൾ എടുക്കാറില്ല. സ്വന്തം ഇഷ്ടപ്രകാരം നാട്ടുകാരെക്കൊണ്ട് നിർബന്ധിച്ച് ക്ലാസെടുപ്പിച്ചിരുന്നതായും രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നു.
അധ്യാപകനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് അഭിജീത് ദീപ്കെ സർക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്ന് ജില്ല പരിഷത്ത് ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എന്നാൽ നൽകിയ വിശദീകരണം പൂർണ്ണമായും തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ, മഹാരാഷ്ട്ര ജില്ല പരിഷത്ത് ഡിസ്ട്രിക്റ്റ് സർവീസസ് ആക്ട് പ്രകാരം ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
രാജ്യത്തെ സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഗസ്റ്റ് 15-നാണ് സി.ജെ.പി ഈ കാമ്പയിന് തുടക്കം കുറിച്ചത്. കാമ്പയിനിന്റെ ഭാഗമായി സ്കൂളിലെത്തിയ പ്രവർത്തകരാണ് അധ്യാപകൻ ലഹരിയിൽ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.