അഹമ്മദാബാദ്: നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയുടെ ആത്മകഥയായ 'ഐ ആം മലാല' സ്കൂൾ ലൈബ്രറിയിൽ ഉൾപ്പെടുത്തിയതിനെതിരെ വലതുപക്ഷ സംഘടനകളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. വിവാദത്തെത്തുടർന്ന് ഗുജറാത്തിലെ അഹമ്മദാബാദ് ശിലാജിലുള്ള പ്രമുഖ സ്വകാര്യ സ്കൂളായ ആനന്ദ് നികേതന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) 10,000 രൂപ പിഴ ചുമത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
സ്കൂൾ കാന്റീനിൽ വിളമ്പിയ ലഘുഭക്ഷണത്തിൽ ചില്ലുകഷ്ണം കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെയാണ് പുസ്തക വിവാദവും ഉയർന്നത്. ലൈബ്രറിയിലും റീഡിങ് ക്ലബ്ബിലും 'ഐ ആം മലാല'യ്ക്ക് പുറമെ 'ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ' ഉൾപ്പെടുത്തിയതിനെതിരെ ബജ്റംഗ്ദൾ, എബിവിപി പ്രവർത്തകരും ചില രക്ഷിതാക്കളും രംഗത്തെത്തുകയായിരുന്നു. മറ്റു മതങ്ങളുടെ പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ നിർബന്ധിക്കുന്നുവെന്നും രാവിലെയുള്ള പ്രാർത്ഥന നിർത്തലാക്കിയെന്നും ആരോപിച്ചായിരുന്നു സ്കൂളിന് മുന്നിലെ പ്രതിഷേധം.
വിവാദം ശക്തമായതോടെ കരിക്കുലം ഡിസൈനറും ടീച്ചർ ട്രെയിനറുമായി പ്രവർത്തിച്ചിരുന്ന മുൻ വിദ്യാർഥിനി മുനസ്സ ഷംസിന്റെ സേവനം സ്കൂൾ മാനേജ്‌മെന്റ് അവസാനിപ്പിച്ചു. കൂടാതെ കാന്റീൻ പ്രവർത്തനം നിർത്തിവെക്കുകയും സൂപ്പർവൈസറെ പുറത്താക്കുകയും ചെയ്തു.
എന്നാൽ, പുസ്തകങ്ങൾ നിർബന്ധിത സിലബസിന്റെ ഭാഗമല്ലെന്നും കുട്ടികളിൽ വായനാശീലം വളർത്താനായി ലൈബ്രറിയിൽ ഉൾപ്പെടുത്തിയവ മാത്രമാണെന്നും സ്കൂൾ മാനേജ്‌മെന്റ് വിദ്യാഭ്യാസ വകുപ്പിന് വിശദീകരണം നൽകി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട എഴുത്തുകാരുടെ കൃതികളാണിതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അഹമ്മദാബാദ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
സംഭവത്തിൽ സ്കൂൾ നൽകിയ വിശദീകരണത്തിൽ പൂർണമായി തൃപ്തരാകാത്ത ജില്ലാ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ചു. സ്കൂളിലെ പാഠ്യപദ്ധതി, ലൈബ്രറി പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, പ്രാർഥനാ ചടങ്ങുകൾ എന്നിവ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമാണോയെന്ന് സമിതി പരിശോധിക്കും. രക്ഷിതാക്കളുടെയും പ്രതിഷേധക്കാരുടെയും ആശങ്കകൾ പരിശോധിച്ച ശേഷം ആവശ്യമാണെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കി.
അതേസമയം, നോബൽ പുരസ്കാരം നേടിയ അന്താരാഷ്ട്ര പ്രശസ്തമായ ഒരു പുസ്തകം ലൈബ്രറിയിൽ ലഭ്യമാക്കിയതിന്റെ പേരിൽ സ്കൂളിനെതിരെ നടപടിയെടുത്തത് അക്കാദമിക് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനവും വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർക്കിടയിൽ ശക്തമായിട്ടുണ്ട്. വിദ്യാർഥികളിൽ ചിന്താശേഷിയും വായനാ സംസ്കാരവും വളർത്തുന്ന ക്ലാസിക് കൃതികളെയും ചരിത്ര രേഖകളെയും മതപരവും രാഷ്ട്രീയവുമായ കണ്ണടയിലൂടെ കണ്ട് വിലക്കേർപ്പെടുത്തുന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസ അന്തരീക്ഷത്തെ തകർക്കുമെന്നാണ് ഇവരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.