ആടിനും കോഴിക്കുമൊന്നും ജീവനില്ലേ? - നായ പ്രേമികളുടെ ഹരജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ നായകളെ മാത്രം കേന്ദ്രീകരിച്ചുള്ള മൃഗസ്നേഹികളുടെ വാദത്തോട് മറ്റ് മൃഗങ്ങളുടെ കാര്യമോ? ആടിനും കോഴിക്കുമൊന്നും ജീവനില്ലേ എന്ന ചോദ്യവുമായി സുപ്രീംകോടതി. തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

നായ പ്രേമികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നായ പ്രേമികൾക്ക് വേണ്ടിയും പരിസ്ഥിതി പ്രേമികൾക്ക് വേണ്ടിയുമാണ് സംസാരിക്കുന്നത് എന്ന് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് മറുപടിയായി താൻ ചിക്കൻ കഴിക്കുന്നത് നിർത്തിയെന്നും, ഒരു കടുവ നരഭോജിയാണെന്ന് കരുതി എല്ലാ കടുവകളെയും കൊന്നൊടുക്കേണ്ട കാര്യമില്ലെന്നും കപിൽ മറുപടി പറഞ്ഞു.

മാലിന്യം വലിച്ചെറിയലും ചേരികളും വ്യാപകമായുള്ള ഇന്ത്യ പോലൊരു രാജ്യത്ത്, തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നത് പ്രശ്നം രൂക്ഷമാക്കുമെന്ന് അദ്ദേഹം വാദിച്ചു. തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ സൂക്ഷിക്കുന്നത് മുനിസിപ്പാലിറ്റികൾക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും എ.ബി.സി നിയമങ്ങൾ അനുസരിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഏജൻസികളെയും എൻ.ജി.ഒകളെയും ഒരുമിപ്പിക്കുന്നതിൽ മുനിസിപ്പൽ കോർപ്പറേഷനുകൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, തെരുവ് നായ്ക്കളെ കൊണ്ട് ജനം പൊറുതി മുട്ടുകയാണെന്നും മനുഷ്യവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ഇരകൾക്ക് വേണ്ടി സംസാരിച്ച അഭിഭാഷകൻ വാദിച്ചു. ജപ്പാനിലും യു.എസിലും ഉപേക്ഷിക്കപ്പെട്ട നായകൾക്കായി ഷെൽട്ടർ ഹോമുകൾ ഉണ്ട്. അവയെ ദത്തെടുക്കാത്ത പക്ഷം ദയാവധത്തിന് വിധേയമാക്കും. അതിനാൽ 1950ന് ശേഷം ജപ്പാനിൽ തെരുവ് നായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക ഡേറ്റയിൽ നായയുടെ കടിയേറ്റ കേസുകൾ യഥാർഥ സംഭവത്തേക്കാൾ അഞ്ച് മുതൽ ഏഴ് മടങ്ങ് വരെ കൂടുതലാണെന്ന് മൃഗസംരക്ഷണ സംഘടനകള്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് പറഞ്ഞു. 2021 മുതൽ 19 സംസ്ഥാനങ്ങളിൽ റാബിസ് കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും തെരുവ് നായ്ക്കളെ പിടികൂടിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Don't chickens and goats have lives? Supreme Court on stray dog lovers' plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.