ന്യൂഡൽഹി: വീട്ടിൽ വളർത്തുന്ന നായ് ചത്താൽ അതിനെ ആചാരാനുഷ്ഠാനങ്ങളോടെ സംസ്കരിക്കുകയും ചിതാഭസ്മം പുഴയിൽ ഒഴുക്കുകയും ചെയ്യുന്നതിനെക്കുറിച്ചും ഇനി ആലോചിക്കാം. ഇന്ത്യയിലാദ്യമായി നായ്ക്കൾക്കായി ദക്ഷിണ ഡൽഹി നഗരസഭ ശ്മശാനമൊരുക്കുന്നു.
പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ മേന്ത്രാച്ചാരണങ്ങളുടെ അകമ്പടിയോടെ ആചാരവിധിപ്രകാരം നായ്ക്കളെ സംസ്കരിക്കും. 15 ദിവസം വരെ ചിതാഭസ്മം സൂക്ഷിക്കും. ഉടമകൾക്ക് അവർ ഇഷ്ടപ്പെടുന്ന നദിയിൽ നിമജ്ജനവും ചെയ്യാം.
ദക്ഷിണ ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ദ്വാരകയിൽ 700 ചതുരശ്ര മീറ്ററിലാണ് പദ്ധതി നടപ്പാക്കുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് (പി.പി.പി) നായ് ശ്മശാനം പണിയുക. പദ്ധതിക്ക് അനുമതി ലഭിച്ചതായും ഇതിനായി ടെൻഡർ ഉടൻ വിളിക്കുമെന്നും നഗരസഭ വ്യക്തമാക്കുന്നു.
'വീട്ടിലെ അംഗം മരിക്കുമ്പോഴുണ്ടാകുന്ന അതേ ദുഃഖമാണ് വളർത്തുനായ്ക്കളും പൂച്ചകളും ചാവുമ്പോഴും അനുഭവപ്പെടുന്നത്. അവയെ ആചാരമര്യാദകളോടെ സംസ്കരിക്കാനാണ് ഉടമസ്ഥരും ആഗ്രഹിക്കുന്നത്' -നഗരസഭ ഉദ്യോഗസ്ഥൻ പറയുന്നു.
ചിതാഭസ്മം പുണ്യനദികളിൽ ഒഴുക്കണമെന്ന് ചില ഉടമകൾക്ക് ആഗ്രഹമുണ്ടെന്നും അതിനാണ് പുരോഹിതന്മാരുടെ സഹായത്തോടെ കർമങ്ങൾ ചെയ്യുന്നതും 15 ദിവസം വരെ ചിതാഭസ്മം സൂക്ഷിച്ചുവെക്കുന്നതുമെന്ന് മൃഗസംരക്ഷണ വകുപ്പും പറയുന്നു. പക്ഷേ, സൗജന്യമായായിരിക്കില്ല ഇൗ സേവനം. 30 കിലോ തൂക്കമുള്ള നായ്ക്ക് 2000 രൂപ ഈടാക്കും. 30 കിലോക്കു മുകളിലാണെങ്കിൽ 3000 രൂപയാകും. നഗരസഭക്കു പുറത്തുള്ളവർക്കും ഈ സൗകര്യം ഉപയോഗിക്കാം. പക്ഷേ, തെരുവുനായ്ക്കൾക്ക് ഇളവുണ്ട്. തെരുവിൽ ചത്തുവീഴുന്ന നായ്ക്കളെ വിധിപ്രകാരം സംസ്കരിക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ 500 രൂപ നൽകിയാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.