ന്യൂഡൽഹി: ആര്യൻ ഖാൻ സംവിധാനം ചെയ്ത 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' വെബ് സീരീസിലെ ഉള്ളടക്കത്തിനെതിരെ മുൻ എൻ.സി.ബി ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെ വികാരാധീനയായി വാങ്കഡെ. ഷാറൂഖ് ഖാന്റെ മകൻ സംവിധാനം ചെയ്ത സീരീസിൽ തന്നെ കള്ളനായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് വാങ്കഡെ കേസ് നൽകിയത്. പൊതുജനാഭിപ്രായത്തിൽ താൻ ഈ വിചാരണ അർഹിക്കുന്നുണ്ടോ എന്നും ഒരു കഥാപാത്രത്തെ അടിസ്ഥാനമാക്കി തന്നെ സോഷ്യൽ മീഡിയയിലൂടെയും മറ്റും പരിഹസിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തുകയാണെന്നും വാങ്കഡെ ആരോപിച്ചു.
അതേസമയം സീരീസ് ഒരു ആക്ഷേപഹാസ്യമാണെന്ന നിർമാതാക്കളുടെ വാദം കോടതി അംഗീകരിച്ചെങ്കിലും, വ്യക്തിപരമായ പക്ഷപാതം ഉണ്ടാകാൻ പാടില്ലെന്ന് നിരീക്ഷിച്ചു. പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ കോടതി അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് വ്യക്തിപരമായ പക്ഷപാതമില്ലായിരുന്നു എന്നും പരാമർശിച്ചു.
2021ലെ മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിന് പ്രതികാരമായാണ് വെബ് സീരീസിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയതെന്നാണ് സമീർ വാങ്കഡെയുടെ ആരോപണം. പരമ്പര മയക്കുമരുന്ന് വിരുദ്ധ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും നിഷേധാത്മകവുമായ ചിത്രീകരണം പ്രചരിപ്പിക്കുന്നുവെന്നും അതുവഴി നിയമ നിർവഹണ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ഇല്ലാതാക്കുന്നുവെന്നും വാങ്കഡെ പറഞ്ഞു. കൂടാതെ പരമ്പര സംപ്രേഷണം ചെത്‍യത് മുതൽ തനിക്കും കുടുംബത്തിനുമെതിരെ ട്രോളുകളും ഭീഷണികളും വരുന്നുണ്ടെന്നും വാങ്കഡെ ആരോപിച്ചു.
എന്നാൽ സീരീസിലെ ഭാഗങ്ങൾ ആക്ഷേപഹാസ്യം മാത്രമാണെന്നും അപകീർത്തിപ്പെടുത്താൻ ഉദേശിച്ചല്ലെന്നുമുള്ള വിശദീകരണവുമായി സംവിധായകനും നിർമാണ കമ്പനിയും രംഗത്തുവന്നിരുന്നു. പരമ്പരയിലൂടെ ആർക്കെതിരെയും അനാദരവ് കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മറിച്ച് സ്വയം വിമർശിക്കാനാണ് ലക്ഷ്യമിട്ടതെന്നും ആര്യൻ ഖാൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെ വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്ന ഇടക്കാല ഉത്തരവ് കോടതി തള്ളി. റെഡ് ചില്ലീസ് എന്റർടെയിൻമെന്റിനും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയക്കുകയും വിശദീകരണം നൽകാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.