ഒഡിഷയിൽ പുരോഹിതന്മാർക്കെതിരായ ആക്രമണത്തെ അപലപിച്ച് കാത്തലിക് ബിഷപ്പ് കോൺഫറൻസ്; ക്രിസ്ത്യാനികൾക്ക് നേർക്കുള്ള ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതെന്ന്

ന്യൂഡൽഹി: ഒഡിഷയിലെ ജലേശ്വറിൽ രണ്ട് കത്തോലിക്ക പുരോഹിതന്മാരെയും ഒരു മതബോധകനെയും ജനക്കൂട്ടം ആക്രമിച്ച സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യൻ കാത്തലിക് ബിഷപ്പ് കോൺഫറൻസ് (സി.ബി.സി.ഐ).

ഏറ്റവും പുതിയ സംഭവം ഒറ്റപ്പെട്ട ഒന്നല്ല,  രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതയെ പ്രതിഫലിപ്പിക്കുന്നതാണെന്നും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമത്തിന്റെ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയുടെ ഭാഗമാണെന്നും സി.ബി.സി.ഐ പ്രസ്താവനയിൽ പറഞ്ഞു. 

ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികൻ, രണ്ട് കന്യാസ്ത്രീകൾ, ഒരു മതബോധകൻ എന്നിവർ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം നടന്നതെന്ന് സി.ബി.സി.ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.  

ഗ്രാമീണ സ്ത്രീകൾ കന്യാസ്ത്രീകളെ രക്ഷപ്പെടുത്തിയപ്പോൾ പുരോഹിതന്മാരെയും മതബോധകനെയും തടഞ്ഞുനിർത്തി അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തു. മതപരിവർത്തനം നടത്തിയെന്ന് വ്യാജമായി ആരോപിച്ചു.  ഫാ. ലിജോയുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്തു. അത് തിരികെ നൽകിയില്ല. മത ബോധകനായ ദുർജ്യോധനനെ ക്രൂരമായി മർദിച്ചു. അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിളിന് കേടുപാടുകൾ വരുത്തി. 70 ഓളം പേരടങ്ങുന്ന ജനക്കൂട്ടത്തിൽ പലരും പുറത്തുനിന്നുള്ളവരായിരുന്നു’വെന്നും പ്രസ്താവനയിൽ വിവരിച്ചു.  

ആക്രമണത്തിന്റെ ഇരകളായ ഫാ. ലിജോയും ഫാ. ജോജോയും നടുങ്ങിയിരിക്കുകയാണ്. പൊലീസിൽ നിന്നുളള അടിയന്തര നടപടിയുടെ അഭാവവും മൊബൈൽ ഫോണുകൾ  മോഷ്ടിച്ചതും സ്വത്തുക്കൾ വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടതും അവരെ നിരാശരാക്കി.  ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്തിട്ടില്ലെന്നാണ്.  സ്ഥിതിഗതികൾ വിലയിരുത്താൻ ബിഷപ്പ് വർഗീസ് തോട്ടംകരയുടെ വരവിനായി പള്ളി ഉദ്യോഗസ്ഥർ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.

Tags:    
News Summary - 'Disturbing Pattern of Violence Against Christians': CBCI Condemns Mob Attack on Priests in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.