ബലാസോർ: ഹ്രസ്വദൂരത്തിൽ ഉപരിതലത്തിൽനിന്ന് ഉപരിതലത്തിലേക്ക് നയിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ 'പ്രലയ്'യുടെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ വൃത്തങ്ങൾ അറിയിച്ചു. വളരെ കൃത്യതയോടെ ലക്ഷ്യസ്ഥാനത്തെത്തിയ മിസൈലിന്‍റെ എല്ലാ സംവിധാനങ്ങളും പൂർണമായി പ്രവർത്തിച്ചതായും അധികൃതർ അറിയിച്ചു. ഒഡിഷയിലെ എ.പി.ജെ അബ്ദുൽ കലാം ദ്വീപിൽനിന്ന് ബുധനാഴ്ച രാവിലെ പത്തരയോടെയാണ് മിസൈൽ വിക്ഷേപിച്ചത്.
ഇന്ത്യൻ ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പ്രോഗ്രാമിന്‍റെ ഭാഗമായ പൃഥ്വി ഡിഫൻസ് വെഹിക്കിളിനെ അടിസ്ഥാനമാക്കിയാണ് പ്രലയ് ബാലിസ്റ്റിക് മിസൈൽ നിർമിച്ചിരിക്കുന്നത്. 350 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർക്കാൻ സാധിക്കുന്ന മിസൈൽ ഉടൻ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും.
500-1000 കിലോഗ്രാം പേലോഡ് ശേഷിയുള്ള പ്രലയ് നിർമിക്കാന്‍ 333 കോടി രൂപയാണ് ചെലവായത്. മൊബൈൽ ലോഞ്ചറിൽനിന്ന് വിക്ഷേപണം നടത്താൻ സാധിക്കുന്ന മിസൈലിൽ അത്യാധുനിക നാവിഗേഷൻ സിസ്റ്റവും ഇന്‍റഗ്രേറ്റഡ് ഏവിയോണിക്സും ഉൾപ്പെടുത്തിയിട്ടുണ്ട്. മിസൈൽ പരീക്ഷണം വിജയകരമാക്കിയ ഡി.ആർ.ഡി.ഒയുടെ പ്രവർത്തനത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.