മോദിക്കെതിരായ ബി.ബി.സി ഡോക്യുമെന്ററി ലിങ്ക് നീക്കം ചെയ്യാൻ നിർദേശം

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ലിങ്ക് നീക്കം ചെയ്യാൻ നിർദേശം. യൂട്യൂബിനും ട്വിറ്ററിനുമാണ് കേന്ദ്രസർക്കാരിന്റെ നിർദേശം ലഭിച്ചത്. ഡോക്യുമെന്ററിയുടെ ലിങ്ക് പൗരാവകാശ പ്രവർത്തകർ അടക്കം പങ്കുവെച്ചിരുന്നു.

ഡോക്യുമെന്ററിക്കെതിരെ മുൻ ജഡ്ജിമാരും രംഗത്തുവന്നിരുന്നു. കൊളോണിയൽ മനോനിലയിൽ നിന്ന് പിറവിയെടുത്തതാണെന്നായിരുന്നു പ്രധാന ആരോപണം. ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. പ്രസ്താവനയിൽ ​റോ മുൻ മേധാവിയടക്കം ഒപ്പുവെക്കുകയും ചെയ്തു.

ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിക്ക് നേരിട്ട് പങ്കുണ്ടെന്ന വാദവുമായാണ് ബി.ബി.സി ഡോക്യുമെന്ററി പുറത്തുവിട്ടത്. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്തു. പിന്നാലെ, ഇത് ഇന്ത്യയിലും യൂട്യൂബിൽ ലഭ്യമായിരുന്നെങ്കിലും പിന്നീട് അപ്രത്യക്ഷമായി.

വിശ്വാസ്യതയില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്ന ആശയപ്രചാരണത്തിനുള്ള ആയുധമാണ് ബി.ബി.സി ഡോക്യുമെന്‍ററിയെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇതിന്റെ ലക്ഷ്യങ്ങളെന്താണെന്ന കാര്യത്തിൽ സംശയമുണ്ട്. മുൻധാരണയോടെയും വസ്തുതാവിരുദ്ധവും കൊളോണിയൽ മനസ്സ് കൃത്യമായി പ്രതിഫലിക്കുന്നതുമാണിത്. ഇത്തരം കാര്യങ്ങൾ പൊലിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രാലയം തുടർന്നു.

ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് പുതിയ ഡോക്യുമെന്ററി. ലക്ഷണയുക്തമായ വംശഹത്യയിലേക്ക് സംഘർഷവും കലാപവും മാറ്റിത്തീർത്തതെങ്ങനെയെന്ന അന്വേഷണം കൂടിയാണിത്. വംശഹത്യക്കു പിന്നാലെ ബ്രിട്ടീഷ് സർക്കാർ രൂപംനൽകിയ അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ പല ഭാഗങ്ങളും ഈ ചിത്രത്തിലുണ്ട്. ‘ഗുജറാത്തിലെ സംഭവങ്ങളിൽ ഞാൻ ഏറെ അസ്വസ്ഥനായിരുന്നുവെന്നും നമുക്ക് വലിയ ബന്ധമുള്ള രാജ്യമാണ് ഇന്ത്യയെന്നതിനാൽ വിഷയം അതി ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതായി വന്നു’വെന്നും അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക് സ്ട്രോ ഡോക്യുമെന്ററിയിൽ പറയുന്നു. ബ്രിട്ടീഷ് അന്വേഷണസംഘം അന്ന് ഗുജറാത്ത് സന്ദർശിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.

അക്രമസംഭവങ്ങൾ പുറത്തുവന്നതിനേക്കാൾ എത്രയോ അധികമാണ്. മുസ്‍ലിം വനിതകളെ ആസൂത്രിതമായി ബലാത്സംഗത്തിനിരയാക്കി. അക്രമങ്ങൾ രാഷ്ട്രീയപ്രേരിതമായിരുന്നു. ഹിന്ദുമേഖലകളെ മുസ്‍ലിം മുക്തമാക്കുകയായിരുന്നു കലാപ ലക്ഷ്യം. അത് മോദിയിൽനിന്ന് വന്നതാണെന്ന് സംശയാതീതമാണെന്ന് റിപ്പോർട്ടിലുണ്ടെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. 2000 പേരെങ്കിലും കൊല്ലപ്പെട്ട കലാപം മുസ്‍ലിം സമുദായത്തെ കൃത്യമായി ലക്ഷ്യമിട്ട രാഷ്ട്രീയലക്ഷ്യങ്ങളുള്ള വംശഹത്യതന്നെയാണെന്നും പേരു വെളിപ്പെടുത്താത്ത മുൻ നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. അക്രമം വ്യാപിപ്പിച്ചത് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആണ്. സംസ്ഥാന സർക്കാർ അനുകൂല സാഹചര്യം ഒരുക്കിയതുകൊണ്ടുമാത്രമാണ് അത് സാധിച്ചത്.

Tags:    
News Summary - Directed to remove BBC documentary link against Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.