ഹൈദരാബാദ് ഇരട്ട സ്ഫോടനം: യാസീന്‍ ഭട്കലടക്കം  അഞ്ചു പേര്‍ക്ക് വധശിക്ഷ

ഹൈദരാബാദ്: 2013ലെ ഹൈദരാബാദ് ഇരട്ട സ്ഫോടനക്കേസില്‍ മുഹമ്മദ് അഹ്മദ് സിദ്ദിബാബ എന്ന യാസീന്‍ ഭട്കല്‍ അടക്കം അഞ്ച് ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വ്യക്തമാക്കിയാണ് ജഡ്ജി ടി. ശ്രീനിവാസ റാവു, യാസീന്‍ ഭട്കല്‍, അസദുല്ല അക്തര്‍ എന്ന ഹദ്ദി,  തഹ്സീന്‍ അക്തര്‍ എന്ന മോനു, അജാസ് ശൈഖ്, പാകിസ്താന്‍കാരനായ സിയാവുര്‍റഹ്മാന്‍ എന്ന വഖാസ് എന്നിവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചത്. മുഖ്യപ്രതി ഷാ റിയാസ് അഹ്മദ് മുഹമ്മദ് ഇസ്മാഈല്‍ ഷാബന്ദരി എന്ന റിയാസ് ഭട്കലിനെ പിടികൂടാനായിട്ടില്ല. 

യു.എ.പി.എയിലെയും ഐ.പി.സിയിലെയും വിവിധ വകുപ്പുകളാണ് എന്‍.ഐ.എ പ്രത്യേക കോടതി പ്രതികള്‍ക്കെതിരെ ചുമത്തിയത്. യാസീന്‍ ഭട്കലും റിയാസ് ഭട്കലും സ്ഫോടക വസ്തുക്കളും പണവും സംഘടിപ്പിച്ച് മംഗളൂരുവില്‍ എത്തിക്കുകയും അവിടെവെച്ച് അസദുല്ല അക്തറും വഖാസും ഇത് സ്വീകരിക്കുകയും ചെയ്യുകയായിരുന്നു. ഹൈദരാബാദിലത്തെിയ ഇവര്‍ക്കൊപ്പം തഹ്സീന്‍ അക്തറും ചേര്‍ന്നു. മൂവരും ചേര്‍ന്ന് സ്ഫോടകവസ്തുക്കള്‍ രണ്ടു ബൈക്കുകളില്‍ സ്ഥാപിച്ച് സ്ഫോടനം നടന്ന സ്ഥലത്ത് കൊണ്ടുവെക്കുകയായിരുന്നു. 

2013 ഫെബ്രുവരി 21ന് ഹൈദരാബാദിലെ ദില്‍ശുഖ്നഗറിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ 18 പേര്‍ മരിക്കുകയും 131 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യാസീന്‍ ഭട്കലിനെയും അസദുല്ല അക്തറിനെയും സ്ഫോടനമുണ്ടായി ആറു മാസത്തിനുശേഷം ബിഹാറിലെ നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള പ്രദേശത്തുനിന്നാണ് പിടികൂടിയത്. മറ്റുള്ളവര്‍ പിന്നീട് വിവിധയിടങ്ങളില്‍നിന്നായി അറസ്റ്റിലായി. ഇവര്‍ക്കെതിരെ രണ്ടു ഘട്ടങ്ങളിലായാണ് എന്‍.ഐ.എ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചത്. ഒരുവര്‍ഷമായി ഹൈദരാബാദിലെ ചെര്‍ലപ്പള്ളി സെന്‍ട്രല്‍ ജയിലിലെ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയില്‍ കേസിന്‍െറ വിചാരണ നടന്നുവരികയായിരുന്നു. 440 സാക്ഷികളെ വിസ്തരിച്ച എന്‍.ഐ.എ 300 തെളിവുകളും 250 രേഖകളും കോടതിയില്‍ ഹാജരാക്കി. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

വിവിധ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകര സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍െറ സ്ഥാപകനാണ് കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ യാസീന്‍ ഭട്കല്‍ എന്ന് ആരോപിക്കപ്പെടുന്നു. പാകിസ്താനില്‍നിന്ന് ലശ്കറെ ത്വയ്യിബയുടെ സഹായത്തോടെ സഹോദരന്‍ റിയാസ് ഭട്കല്‍, അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് യാസീന്‍ ഭട്കലാണ് ഇന്ത്യന്‍ മുജാഹിദീന്‍ ശൃംഖല സ്ഥാപിച്ചതെന്നും 2007ലെ ഹൈദരാബാദ് സ്ഫോടനം, 2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പര, 2010ലെ ബാംഗ്ളൂര്‍ സ്ഫോടനം, 2011ലെ പുണെ ജര്‍മന്‍ ബേക്കറി സ്ഫോടനം എന്നിവയിലും ഭട്കലിന് പങ്കുള്ളതായും എന്‍.ഐ.എ വ്യക്തമാക്കുന്നു. 

  

Tags:    
News Summary - dilsukhnagar blasts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.