വി.എച്ച്.പിക്ക് രാമക്ഷേത്രത്തിൽ എന്തവകാശം; ശങ്കരാചാര്യൻമാർ അപമാനിക്കപ്പെട്ടു -ദ്വിഗ് വിജയ് സിങ്

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ നാല് ശങ്കരാചാര്യന്മാർ പ​ങ്കെടുക്കാത്തത് ഉന്നയിച്ച് കോൺഗ്രസ്. പാർട്ടി നേതാവ് ദ്വിഗ് വിജയ് സിങ്ങാണ് വിഷയം ഉന്നയിച്ചത്. ശങ്കരാചാര്യൻമാർ അപമാനിക്കപ്പെട്ടുവെന്നും ദ്വിഗ് വിജയ് സിങ് പറഞ്ഞു. വി.എച്ച്.പിക്ക് രാമക്ഷേത്രത്തിന് മേൽ എന്തവകാശമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

രാമക്ഷേത്രത്തിനായി ഞങ്ങളും സംഭാവന നൽകിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി നരസിംഹറാവുവാണ് നാല് ശങ്കരചാര്യരുമായി ചേർന്ന് രാമാലയ് ന്യാസ് യാഥാർഥ്യമാക്കിയത്. ഭൂമി അഴിമതി കേസിലെ പ്രതിയായ ചംപത് റായ് വി.എച്ച്.പിയുടെ ഒരു പ്രചാരകനാണ്.

അത്തരമൊരു ആളാണ് രാമക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്തുള്ളത്. ഇത് മതത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഹിന്ദു നേതാക്ക​ളെ വിഭജിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. എന്തുകൊണ്ടാണ് നിർമോഹി അഖാഡയുടെ അവകാശം കവർന്നെടുത്തത്. ബ്രിട്ടീഷുകാരുടെ വിഭജിച്ച് ഭരിക്കൽ നയമാണ് വി.എച്ച്.പിയും ബി.ജെ.പിയും സംഘ്പരിവാറും ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠദിന ചടങ്ങിൽ പ​ങ്കെടുക്കുന്നതിനുള്ള ക്ഷണം പുരി ഗോവർധന മഠം നിരസിച്ചതിന് പിന്നാലെ സമാന തീരുമാനവുമായി ഉത്തരാഖണ്ഡ് ജ്യോതിർ മഠവും രംഗത്തെത്തിയിരുന്നു. ജ്യോതിർ മഠത്തിലെ ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് രാജ്യത്തെ നാല് ശങ്കരാചാര്യന്മാരും ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് അറിയിച്ചത്.

പ്രതിഷ്ഠദിന ചടങ്ങ് ശാസ്ത്രങ്ങൾക്ക് എതിരാണ്. ക്ഷേത്രത്തിന്റെ നിർമാണം പൂർത്തിയാകാതെ സാധാരണയായി പ്രതിഷ്ഠ നടത്താറില്ലെന്നും എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അദ്ദേഹം പറഞ്ഞു. താൻ മോദി വിരുദ്ധനല്ലെന്നും ചടങ്ങ് ശാസ്ത്രവിരുദ്ധമായതിനാലാണ് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോടെങ്കിലുമുള്ള എതിർപ്പ് കൊണ്ടല്ല ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. ശാസ്ത്രവിധി പിന്തുടരേണ്ടതിനാലാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ അവിടെ എന്ത് ചെയ്യാനാണ്. മോദി ഉദ്ഘാടനം ചെയ്യുമ്പോഴും രാമവിഗ്രഹത്തിൽ തൊടുമ്പോഴും ഞാൻ അവിടെ നിന്ന് കൈയടിക്കണോ?. പ്രതിഷ്ഠക്ക് ശേഷം ഞങ്ങൾക്ക് അവിടെ എന്താണ് ചെയ്യാനാണുള്ളത് അദ്ദേഹം ചോദിച്ചു.മോദി മതപരമായ വിഷയങ്ങളിൽ ഇടപെടുകയാണെന്ന് ആരോപിച്ച അദ്ദേഹം തനിക്ക് അയോധ്യയോട് വെറുപ്പില്ലെന്നും വ്യക്തമാക്കി.

പുരി ശങ്കരാചാര്യരും ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മോദി വിഗ്രഹപ്രതിഷ്ഠ നടത്തരുതെന്ന് പുരി ഗോവർധൻ മഠത്തിലെ ശങ്കരാചാര്യരായ നിശ്ചലാനന്ദ സരസ്വതി ആവശ്യപ്പെട്ടു. വിഗ്രഹപ്രതിഷ്ഠ നടത്തേണ്ടത് പൂജാരിമാരോ സന്യാസിമാരോ ആണ്. രാമക്ഷേത്ര പ്രതിഷ്ഠക്ക് രാഷ്ട്രീയക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    
News Summary - Digvijaya Singh on Congress rejecting Ram temple invitation,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.