സുപ്രീംകോടതി
ന്യൂഡൽഹി: ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ (ഡി.പി.ഡി.പി) നിയമം 2025ലെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം. പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാൻ നിയമം ആവിഷ്‍കരിക്കേണ്ടത് ആവശ്യമാണെന്ന് സുപ്രീംകോടതി 2017 ലെ ഒരു വിധിന്യായത്തിൽ വ്യക്തമാക്കിയിരുന്നു.
2023ലെ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതാണ് വിജ്ഞാപനം. വ്യവസായമേഖലയിലും സർക്കാർ സ്ഥാപനങ്ങളിലും പുതുതായി രൂപവത്കരിച്ച ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലും ഇതിന്‍റെ വ്യവസ്ഥകൾ ബാധകമാകും. ചില വ്യവസ്ഥകൾ ഉടൻ പ്രാബല്യത്തിലാകുമെങ്കിലും, ഒട്ടുമിക്ക വ്യവസ്ഥകളും 2026 അവസാനത്തോടെയും 2027 മധ്യത്തോടെയുമാണ് പ്രാബല്യത്തിൽ വരിക.
ഇന്ത്യയിലെ ഡേറ്റ നിയന്ത്രണ സംവിധാനം യൂറോപ്യൻ യൂനിയന്‍റെ ജി.ഡി.പി.ആർ പോലുള്ള ആഗോള സ്വകാര്യതാ ചട്ടങ്ങളുമായി പൊരുത്തപ്പെടുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഈ വിജ്ഞാപനം. ദേശീയ സുരക്ഷയും ഡിജിറ്റൽ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ആഭ്യന്തര മുൻഗണനകൾ ഇത് ഏകോപിപ്പിക്കുകയും ചെയ്യും.
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ പാർലമെന്‍റ് 2023 ആഗസ്റ്റിൽ പാസാക്കിയ നിയമം ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കുന്ന സ്വകാര്യ കമ്പനികൾ അത് മറ്റൊരിടത്തും വെളിപ്പെടുത്താതെ സംരക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. വ്യവസ്ഥ ലംഘിക്കുന്ന കമ്പനികൾക്ക് പിഴ ചുമത്തും. സർക്കാർ സ്ഥാപനങ്ങൾക്ക് ഈ വ്യവസ്ഥ ബാധകമല്ല. അതുകൊണ്ടുതന്നെ ഇതിൽ സുതാര്യതയില്ലെന്നും 2005 ലെ വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്നുവെന്നുമുള്ള വിമർശനം ഉയർന്നിട്ടുണ്ട്.
ഡി.പി.ഡി.പി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതോടെ വ്യക്തിഗത വിവരങ്ങളുടെ ശേഖരണവും സംരക്ഷണവും സംബന്ധിച്ച് സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സമഗ്രമായ രൂപരേഖയായെന്ന് സൈബർ സെക്യൂരിറ്റി കൺസൾട്ടിങ് ഇ.വൈ ഇന്ത്യ പാർട്‍ണറും ലീഡറുമായ മുരളി റാവു പറഞ്ഞു.
ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ (ഡി.പി.ബി.ഐ) ക്ക് നാലംഗങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് നിയമനം നടത്തുക. ശമ്പള, സേവനവ്യവസ്ഥകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഡാറ്റ ലംഘനങ്ങൾ ഉണ്ടായാൽ അവരാണ് അന്വേഷണം നടത്തി പിഴകൾ ചുമത്തുക. വിചാരണ, യോഗം ചേരൽ, തെളിവ് സമർപ്പിക്കൽ, ഉത്തരവ് പുറപ്പെടുവിക്കൽ എന്നിങ്ങനെ തർക്കങ്ങൾക്കുള്ള പരിഹാര നടപടികളെല്ലാം ഏകോപിപ്പിച്ച് ഡിജിറ്റലായാണ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.