ന്യൂഡല്‍ഹി: മുന്തിയ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി പണമിടപാടിന് ഡിജിറ്റല്‍ പേമെന്‍റ് വ്യാപകമാക്കും. ഇന്‍റര്‍നെറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനും മറ്റും സര്‍വിസ് ചാര്‍ജ് ഡിസംബര്‍ 31 വരെ വേണ്ടെന്നു വെച്ചു. ഒരു കോടി രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് കുടിശ്ശിക തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്ക് അനുവദിച്ച രണ്ടു മാസ സാവകാശം, ബാങ്കുകളില്‍ നിന്നെടുത്ത വ്യക്തിഗത, ഭവന, കാര്‍ഷിക, വിള വായ്പകള്‍ക്കും ബാധകമാക്കി. എല്ലാവിധ ഡിജിറ്റല്‍ പേമെന്‍റ് രീതികളും വ്യാപിപ്പിക്കുന്ന പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
റുപെ ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിനുള്ള ഇടപാടു ചാര്‍ജ് ഡിസംബര്‍ 31 വരെ വേണ്ടെന്നു വെച്ചു. ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്കും ഈ ഇളവു ലഭിക്കും. മുന്തിയ നോട്ട് അസാധുവാക്കി 12 ദിവസം കൊണ്ട് റുപെ ഡെബിറ്റ് കാര്‍ഡിന്‍െറ ഉപയോഗത്തില്‍ 300 ശതമാനം വരെ വര്‍ധനവുണ്ടായെന്ന് ധനകാര്യ സെക്രട്ടറി ശക്തികാന്തദാസ് വിശദീകരിച്ചു. ഡെബിറ്റ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പൊതുമേഖല ബാങ്കുകളും ചില സ്വകാര്യ മേഖല ബാങ്കുകളും ഇടപാടു ചാര്‍ജ് ഡിസംബര്‍ 31 വരെ വേണ്ടെന്നു വെച്ചിട്ടുണ്ട്. എല്ലാ ഡെബിറ്റ് കാര്‍ഡുകള്‍ക്കും ഈ ഇളവ് ലഭിക്കും. ഇ-വാലറ്റ് മുഖേനയുള്ള പണമടക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി വ്യക്തിഗത പണമിടപാടു പരിധി ഇരട്ടിപ്പിച്ച് 20,000 രൂപയാക്കി. ഇ-ടിക്കറ്റ് എടുക്കുന്ന റെയില്‍വേ യാത്രക്കാരില്‍നിന്ന് സെക്കന്‍ഡ് ക്ളാസിന് 20 രൂപയും ഉയര്‍ന്ന ക്ളാസുകള്‍ക്ക് 40 രൂപയും സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് ഡിസംബര്‍ 31 വരെ നിര്‍ത്തിവെച്ചു. പ്രതിദിന ടിക്കറ്റ് വില്‍പനയില്‍ 58 ശതമാനം ഇ-ടിക്കറ്റുകളാണ്. കൗണ്ടറില്‍ പണം കൊടുത്ത് ടിക്കറ്റ് വാങ്ങുന്നവര്‍ 42 ശതമാനം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ വിഭാഗങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ പേമെന്‍റ് രീതി നിര്‍ബന്ധമാക്കും. ഇന്‍റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്‍റ്, ആധാര്‍ അധിഷ്ഠിത പണമടക്കല്‍ സംവിധാനം തുടങ്ങിയവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ബാങ്കിങ്, പേമെന്‍റ് എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഒരു സെഷനിലേക്ക് ഈടാക്കി വന്ന അനുബന്ധ സര്‍വിസ് ഡാറ്റ ചാര്‍ജ് ഒന്നര രൂപയില്‍ നിന്ന് 50 പൈസയാക്കി കുറക്കാന്‍ ടെലികോം നിയന്ത്രണ അതോറിറ്റിയായ ട്രായ് തീരുമാനിച്ചു. ഡിസംബര്‍ 31 വരെ ഇളവു നല്‍കുന്നതിന് ടെലികോം കമ്പനികള്‍ സമ്മതിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകളില്‍ 65 ശതമാനവും സ്മാര്‍ട്ട് ഫോണായി മാറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ടോള്‍ പ്ളാസകളിലും ചെക് പോസ്റ്റുകളിലും ഉപകരിക്കുന്ന വിധം ഇലക്ട്രോണിക് ടോള്‍ കലക്ഷന്‍, റേഡിയോ ഫ്രീക്വന്‍സി കാര്‍ഡ് എന്നിവക്ക് പുതിയ വാഹനങ്ങളില്‍ സജ്ജീകരണം ഒരുക്കണമെന്ന് വാഹന നിര്‍മാതാക്കളോട് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.