പ്രഫ. അലി ഖാൻ മഹ്മൂദാബാദ്
ന്യൂഡല്‍ഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ അശോക സർവകലാശാല പൊളിറ്റിക്കൽ സയൻസ് അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദിന്റെ അറസ്റ്റിനെ അപലപിച്ച് കോൺഗ്രസ്. തങ്ങൾക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായത്തെ ബി.ജെ.പി എന്തുമാത്രം ഭയക്കുന്നുവെന്നതിന് തെളിവാണ് ഈ അറസ്റ്റെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എക്സിൽ കുറിച്ചു. ദേശീയ താൽപര്യം പരമപ്രധാനമായിരിക്കുമ്പോൾ സായുധ സേനയെയും സർക്കാറിനെയും പിന്തുണക്കുന്നു എന്നതിനർഥം സർക്കാറിനെ ചോദ്യം ചെയ്യാൻ കഴിയില്ല എന്നല്ല. കോൺഗ്രസിനെ സംബന്ധിച്ച് ദേശീയ ഐക്യമാണ് പ്രധാനം, എന്നാൽ, നിലവിലെ സംഭവവികാസങ്ങളുടെ മറവിൽ സ്വേച്ഛാധിപത്യം വളർത്തിയെടുക്കാൻ കഴിയുമെന്ന് ബി.ജെ.പി കരുതരുത്. വ്യക്തിഹത്യ, അധിക്ഷേപം, നിയമവിരുദ്ധ അറസ്റ്റ്, പ്രതികാര നടപടികൾ എന്നിവയെ അപലപിക്കുന്നു. ധീരരായ നമ്മുടെ സേനക്കെതിരെ വെറുപ്പുളവാക്കുന്ന പ്രസ്താവനകൾ നടത്തിയ മധ്യപ്രദേശിലെ സ്വന്തം ഉപമുഖ്യമന്ത്രിയെയും മന്ത്രിയെയും പുറത്താക്കുന്നതിനുപകരം, സർക്കാറിനെ ചോദ്യം ചെയ്യുന്ന ബഹുസ്വരതയെ പ്രതിനിധാനംചെയ്യുന്ന ഏതൊരാളും രാജ്യത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണെന്ന് പ്രചരിപ്പിക്കാനാണ് ബി.ജെ.പിയും ആർഎസ്എസും ശ്രമിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.
‘‘കേണൽ സോഫിയ ഖുറേഷിക്കുവേണ്ടി കൈയടിക്കുന്ന വലതുപക്ഷം ആൾക്കൂട്ട കൊലപാതകത്തിന്റെ ഇരകൾക്കും സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കപ്പെടുന്ന മനുഷ്യർക്കും സംരക്ഷണം ആവശ്യപ്പെടണം’’ എന്ന അലി ഖാന്റെ പോസ്റ്റിലെ ഭാഗമാണ് വിവാദമായത്.
ന്യൂഡൽഹി: ഹരിയാന പൊലിസിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് അശോക സർവകലാശാല അസോസിയേറ്റ് പ്രഫസർ അലി ഖാൻ മഹ്മൂദാബാദ് നൽകിയ ഹരജിയിൽ രണ്ടു ദിവസത്തിനകം വാദം കേൾക്കാമെന്ന് സുപ്രീംകോടതി. മഹ്മൂദാബാദിന്റെ ഹരജി ഉടൻ പരിഗണിക്കണമെന്ന് കപിൽ സിബൽ അപേക്ഷിച്ചപ്പോൾ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ പോസ്റ്റിന്റെ പേരിൽ ഹരിയാന വനിത കമീഷൻ, ഗ്രാമ സർപഞ്ച് എന്നിവരുടെ പരാതികളിൽ സോണിപത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളിലാണ് കഴിഞ്ഞ ദിവസം ഇദ്ദേഹെത്ത അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.