ധ്രുവ് റാഠി കസ്റ്റഡിയിൽ; സ്ഥിരീകരിച്ച് സി.ജെ.പി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഇന്ന് നടത്താൻ നിശ്ചയിച്ച 'ജന്തർ മന്തർ 2.0' പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും പൗരാവകാശ പ്രവർത്തകനുമായ ധ്രുവ് റാഠി കസ്റ്റഡിയിൽ. ഗുരുഗ്രാമിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി സി.ജെ.പി നേതാക്കൾ സ്ഥിരീകരിച്ചു.

സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ പ്രശസ്തനായ വ്യക്തിയാണ് റാഠി. മോദി ഭരണകൂടത്തിന്റെ നയങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും കുറിച്ചുള്ള വിമർശനാത്മകമായ വീഡിയോകളിലൂടെ അദ്ദേഹം പലപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. ജർമനിയിൽ കഴിയുന്ന ധ്രുവ് റാഠി, ഗ്യാനേഷ് കുമാറിനെതിരെ കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഈ മാസം ഇന്ത്യയിലെത്തിയത്.

ഒക്ടോബർ 7-ന് ജർമ്മനിയിൽ നിന്നെത്തിയ റാഠി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ ഒക്ടോബർ 8-ന് നടന്ന വൻ പ്രതിഷേധ സമരത്തിൽ പങ്കെടുത്തിരുന്നു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പീപ്പിൾസ് ട്രിബ്യൂണൽ' സമരത്തിലാണ് അദ്ദേഹം പങ്കാളിയായത്. നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്, സി.ജെ.പി സ്ഥാപകൻ അഭിജിത് ദിപ്കെ എന്നിവരും ഈ സമരത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്തു. ഇന്ന് ഡൽഹിയിലെ ജന്തർ മന്തർ 2.0 പ്രക്ഷോഭത്തിൽ പങ്കെടുക്കാനിരിക്കെയാണ് റാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സമരം തടയാൻ ജന്തർ മന്തറിലേക്ക് എത്തുന്ന എല്ലാവരെയും സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു പോലീസ്.

Tags:    
News Summary - Dhruv Rathi in custody- CJP confirms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.