സി.ജെ.പി പ്രതിഷേധത്തിനിടെ ചെന്നൈ സന്ദർശനത്തിന് രാഹുൽ ഗാന്ധി; രാത്രിയോടെ മടക്കം

ന്യൂഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചെന്നൈയിലേക്ക്. വിദ്യാർഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിനായാണ് രാഹുൽ ഗാന്ധി ചെന്നൈക്ക് പോകുന്നത്. ഉച്ചക്ക് 12.30 ഓടെ ചെന്നൈയിൽ എത്തും. ചെന്നൈയിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍‌യുമായി കൂടിക്കാഴ്ച നടത്തുന്ന രാഹുൽ ​ഗാന്ധി, വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നിലും പങ്കെടുക്കും. തുട‍ർന്ന് വൈകിട്ട് അഞ്ചുമണിക്കാണ് വിദ്യാർഥികളുമായി സംവാദം നടക്കുക.

എന്നാൽ, സി.ജെ.പി പ്രതിഷേധം നടക്കാനിരിക്കെ ചെന്നൈയിലെ പരിപാടിയുമായി മുന്നോട്ടുപോകാനാണ് കോൺ​ഗ്രസിന്റെ തീരുമാനം. പരിപാടിയിലേക്ക് രജിസ്ട്രേഷനുള്ള പോസ്റ്ററുകൾ വെള്ളിയാഴ്ച വൈകിട്ടും കോൺ​ഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പരിപാടികൾക്ക് ശേഷം രാത്രിതന്നെ ഡൽഹിക്ക് മടങ്ങാനാണ് രാഹുൽ ​ഗാന്ധിയുടെ തീരുമാനം.

അതേസമയം, രാഹുൽ ​ഗാന്ധി-വിജയ് കൂടിക്കാഴ്ചയിൽ ഏതൊക്കെ വിഷയങ്ങൾ ചർച്ചയാകുമെന്നതും പ്രധാനമാണ്. രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾ ഡൽഹിയിൽ അറസ്റ്റിലായപ്പോൾ സഖ്യകക്ഷിയായ ടി.വി.കെ മൗനം പാലിക്കുന്നുവെന്നും ബി.ജെ.പിക്കെതിരെ വിമ‍ർശനം ഉന്നയിക്കാൻ ഭയക്കുന്നുവെന്നുമുള്ള പരിഹാസവും വിമർശനവുമായി ഡി.എം.കെ അടക്കമുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യമടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കൂടിക്കാഴ്ചക്ക് ശേഷം ഇൻഡ്യ സഖ്യത്തിന്റെ ഭാ​ഗമായി ടി.വി.കെ മുന്നോട്ടുപോകുമോയെന്ന് വിജയ് പ്രഖ്യാപിക്കുമോ എന്ന് ആകാംക്ഷയുണ്ട്. ടി.വി.കെ ഇൻഡ്യ സഖ്യത്തിന്റെ ഭാ​ഗമാണെന്ന് പി.സി.സി അധ്യക്ഷൻ മാണിക്കം ടാ​ഗോ‍ർ പറയുകയും ടി.വി.കെ മന്ത്രിമാർ തമിഴ്നാട്ടിലെ ഇൻഡ്യ സഖ്യ യോ​ഗത്തിൽ പങ്കെടുക്കുകയും ചെയ്തെങ്കിലും ഔദ്യോ​ഗിക പ്രസ്താവന ഇറക്കാൻ ടി.വി.കെ തയാറായിട്ടില്ല.

അതേസമയം, സി.പി.എം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എ.കെ.ജി ഭവനിൽ വൻപൊലീസ് സംഘത്തെയും കേന്ദ്രസേനയെയും ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എം.എ. ബേബി, എം.വി ഗോവിന്ദൻ, പി.കെ. ശ്രീമതി. കെ.കെ ശൈലജ എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 7.45നാണ് സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽവെച്ചായിരുന്നു സംഭവം.

രാവിലെ ധ്രുവ് റാത്തിയുടെ അമ്മ വാതിൽ തുറന്നതോടെ പൊലീസ് അകത്തുകയറി ധ്രുവ് റാത്തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർധരാത്രിയിൽ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

Tags:    
News Summary - Rahul Gandhi to Visit Chennai Amid Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.