മുംബൈ: അഹ്മദാബാദ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനങ്ങളിലെ പരിശോധന പൂർത്തിയാക്കി ഡി.ജി.സി.എ. വിമാനങ്ങളിൽ സുരക്ഷ, സാങ്കേതിക പ്രശ്നങ്ങളില്ലെന്ന് ഡി.ജി.സി.എ അറിയിച്ചു. വിമാനവും അനുബന്ധ അറ്റകുറ്റപ്പണി സംവിധാനങ്ങളും നിലവിലുള്ള സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തി.
787 ഡ്രീംലൈനർ വിമാനങ്ങൾ ഉപയോഗിച്ച് സർവിസ് നടത്താനിരുന്ന 66 വിമാനങ്ങൾ റദ്ദാക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡി.ജി.സി.എ ഉദ്യോഗസ്ഥർ എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസ് എക്സിക്യൂട്ടിവുകളുടെയും ഉന്നതരുടെ യോഗം വിളിച്ചിരുന്നു. 24 വിമാനങ്ങൾ പരിശോധന വിജയകരമായി പൂർത്തിയാക്കിയതായി ഡി.ജി.സി.എ അറിയിച്ചു.
അഹ്മദാബാദ് വിമാനാപകടത്തിൽ 241 യാത്രക്കാർ ഉൾപ്പെടെ 270 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതിൽ 162 പേരെ ഡി.എൻ.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് വരെ 120 മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി. മറ്റു മൃതദേഹങ്ങളും ഉടൻ കൈമാറുമെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സങ്‍വി വ്യക്തമാക്കി.
മരിച്ചവരിൽ 250 പേരുടെ ഉറ്റവരുടെ ഡി.എൻ.എ സാമ്പിളുകളാണ് തിരിച്ചറിയാൻ ശേഖരിച്ചത്. പല ശരീരഭാഗങ്ങളും ഡി.എൻ.എ ശേഖരിക്കാൻ സാധിക്കാത്ത അവസ്ഥയിലായതിനാലാണ് പരിശോധന സങ്കീർണമാകുന്നത്. 72 മണിക്കൂറിനകം ഡി.എൻ.എ പരിശോധന പൂർത്തിയാക്കാമെന്നായിരുന്നു നേരത്തേ അധികൃതർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.