ഭോപ്പാൽ: മധ്യപ്രദേശിലെ ദേവാസിലെ പടക്കനിർമ്മാണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചൈനയിൽ നിന്നും മടങ്ങിയെത്തവെയാണ് ഇയാൾ പിടിയിലായത്. മെയ് 14-നുണ്ടായ ഈ അപകടത്തിൽ 6 പേർ മരണപ്പെടുകയും 20-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡൽഹി സ്വദേശിയായ മുകേഷ് വിജ് എന്നയാളാണ് അറസ്റ്റിലായത്. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇയാൾക്ക് പടക്കനിർമ്മാണശാലകളുണ്ട്. അനിൽ മാളവ്യ എന്നയാളുടെ പേരിലാണ് ദേവാസിലെ ഫാക്ടറി തുടങ്ങിയിരുന്നതെങ്കിലും ഇതിന്റെ പ്രവർത്തനങ്ങളും ഓർഡറുകളും പൂർണ്ണമായി നിയന്ത്രിച്ചിരുന്നത് മുകേഷ് ആയിരുന്നു. സ്ഫോടനം നടക്കുന്ന സമയത്ത് ഇയാൾ ചൈനയിലായിരുന്നു.
ചൈനയിലെ ഗ്വാങ്ഷൂവിൽ നിന്നും വ്യാഴാഴ്ച രാവിലെയാണ് മുകേഷ് വിജ് ഡൽഹിയിലെത്തിയത്. ഉടൻ തന്നെ ദേവാസ് പൊലീസിന്റെ പ്രത്യേക സംഘം വിമാനത്താവളത്തിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പിടികൂടുന്നതിനായി രാജ്യവ്യാപകമായി 'ലുക്ക് ഔട്ട് സർക്കുലർ' പുറപ്പെടുവിച്ചിരുന്നു. ഒളിവിലായിരുന്ന മഹേഷ് ചൗഹാൻ എന്ന മറ്റൊരു പ്രതിയെയും ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ദേവാസ് പൊലീസ് സൂപ്രണ്ട് പുനീത് ഗെലോട്ട് അറിയിച്ചു. ഫാക്ടറി എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നതിനെക്കുറിച്ച് ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സ്ഫോടനവുമായി ബന്ധപ്പെട്ട് അനിൽ മാളവ്യ, മുഹമ്മദ് അയാസ്, കപിൽ വിജ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ മൃതദേഹ അവശിഷ്ടങ്ങൾ 20-25 അടി ദൂരേക്ക് വരെ തെറിച്ചുപോയിരുന്നു. വലിയ ഓർഡറുകൾ കൃത്യസമയത്ത് തീർക്കാനായി കൂടുതൽ സ്ഫോടകവസ്തുക്കൾ ഫാക്ടറിയിൽ സൂക്ഷിച്ചിരുന്നതാണ് ഇത്രയും വലിയ അപകടത്തിന് കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.