കാമാക്ഷി
ഹോസ്പേട്ട്: ദേവദാസിയുടെ മകൾ, ദാരിദ്ര്യം, കന്നഡ മീഡിയത്തിൽ പഠനം, പട്ടികജാതിക്കാരിയെന്ന നിലയിൽ സ്കൂൾ പഠനകാലം മുതൽ മേൽജാതിക്കാരുടെ അവഗണനയും അധിക്ഷേപങ്ങളും. എന്നാൽ എല്ലാ പ്രതികൂലാവസ്ഥകളോടും പടവെട്ടിയുള്ള പോരാട്ടത്തിൽ ദേവദാസിയുടെ മകൾ കാമാക്ഷി നേടിയെടുത്തത് ഇംഗ്ലണ്ടിലെ സസെക്സ് യൂനിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിക്കുള്ള യോഗ്യത.
കർണാടകയിലെ വിജയനഗര ജില്ലയിൽ നിന്നാണ് കാമാക്ഷി തന്റെ വിദ്യാഭ്യാസം തുടങ്ങുന്നത്. ദേവദാസിയുടെ മകൾ എന്ന നിലയിലുള്ള അധിക്ഷേപങ്ങളും മറ്റും കുട്ടിക്കാലം മുതൽ സഹിച്ചിട്ടുണ്ട്. ഗ്രാജുവേഷൻ വരെയും കന്നഡയിലായിരുന്നു പഠനം. പിന്നീട് ഐ.ഇ.എൽ.ടി.എസ് പാസായി. സംസ്ഥാനത്തെ എസ്.സി/എസ്.ടി കുട്ടികൾക്കായുള്ള സാമുഹികക്ഷേമ വകുപ്പിന്റെ പ്രബുദ്ധ ഓവർസീസ് സ്കോളർഷിപ്പ് നേടി. ഇതോടെയാണ് വിദേശപഠനത്തിനുള്ള വഴിതുറന്നത്.
കുട്ടിക്കാലം മുതൽ പഠനത്തിൽ മിടുക്കിയായിരുന്നെങ്കിലും വീട്ടിലെ ദാരിദ്ര്യം ഒരു വലിയ തടസ്സമായിരുന്നു. ഒപ്പം സാമൂഹികമായ ഒറ്റപ്പെടലും. എല്ലാം അതിജീവിച്ചാണ് ഈ കുട്ടി ഉയരങ്ങൾ സ്വപ്നം കണ്ടത്.
ഡെൽഹി ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ ക്രിയേറ്റ് നെറ്റിൽ ജോലി ചെയ്യുന്ന കാലത്താണ് ദേവദാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഹോസ്പേട് ആസ്ഥാനമായുള്ള സഖി എന്ന സംഘടനയുമായി ബന്ധപ്പെടുന്നത്. സഖിയുടെ ഡയറക്ടർ ഭാഗ്യലക്ഷ്മിയുെടെ പ്രോൽസാഹനത്തിലാണ് പഠനം തുടർന്നത്.
അവിടെ വച്ചാണ് അരുണാചൽപ്രദേശിൽ നിന്നുള്ള വിദ്യാർഥി റിമി ടഡുവിനെ പരിചയപ്പെടുന്നത്. ദേവദാസികളുടെ ജീവിതത്തെക്കുറിച്ച് പഠനം നടത്താനെത്തിയതായിരുന്നു റിമി. റിമിയുടെ പ്രേരണയിൽ കാമാക്ഷി മുംബൈ ടാറ്റാ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷനും ചേർന്നു. അതോടെയാണ് സസെക്സിൽ പി.എച്ച്.ഡി എന്ന വലിയ സ്വപ്നത്തിലേക്കുള്ള വഴിതുറക്കുന്നത്.
കർണാടകയിൽ മൊത്തം ഗവൺമെൻറ് കണക്കുപ്രകാരം 46,660 ദേവദാസികളുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പേർ അധിവസിക്കുന്നത് വിജലയനഗര ജില്ലയിലെ ഹോസ്പേട്ടിലാണ്. ഇവർക്ക് ഇന്നും പെൻഷനോ വീടോ ഗവൺമെന്റിൽ നിന്ന് കാര്യമായി ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.