റിസര്‍വ് ബാങ്കിന് കേന്ദ്രം സമയം നല്‍കിയില്ല- മന്‍മോഹന്‍

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കുന്നതിന്‍െറ ക്രമീകരണങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന് സര്‍ക്കാര്‍ സമയം നല്‍കിയില്ളെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനമെടുക്കുകയും, അതിനൊത്ത് നീങ്ങാന്‍ റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കുകയുമാണ് ചെയ്തത്. അതുകൊണ്ടാണ് ആസൂത്രണം ഇല്ലാതെ പോയതെന്ന് നോട്ട് അസാധുവാക്കല്‍ നടപടി പരിശോധിക്കുന്ന പാര്‍ലമെന്‍റിന്‍െറ സ്ഥിരംസമിതി യോഗത്തില്‍ മന്‍മോഹന്‍ സിങ് പറഞ്ഞു. 

റിസര്‍വ് ബാങ്ക് തന്നെ നല്‍കിയ കുറിപ്പു പ്രകാരം നോട്ട് അസാധുവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നവംബര്‍ ഏഴിനാണ്. നവംബര്‍ എട്ടിനു ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് ബന്ധപ്പെട്ട നടപടികള്‍ക്ക് അംഗീകാരം നല്‍കി. സര്‍ക്കാര്‍ തീരുമാനം തിരക്കിട്ട് നടപ്പാക്കിയതിന്‍െറ ലക്ഷണമായി ഇതിനെ കാണാം. റിസര്‍വ് ബാങ്കിന്‍െറ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നീക്കമാണിത്. 

നക്സലിസം, മയക്കുമരുന്ന്-ഭീകരവേട്ട, കള്ളപ്പണം എന്നിവക്കെതിരായ നടപടിയാണ് എടുത്തതെന്ന് ധനമന്ത്രാലയം വിശദീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്‍െറ പരിധിയില്‍ വരുന്നതാണെന്നും മന്‍മോഹന്‍സിങ് ചൂണ്ടിക്കാട്ടി. നോട്ട് അച്ചടിക്കാനുള്ള ചെലവ്, ബാങ്ക് ജീവനക്കാരുടെ അധികപ്പണി, ക്യൂ നിന്നതു വഴി ജനങ്ങള്‍ നഷ്ടപ്പെടുത്തിയ സമയം എന്നിവ കണക്കിലെടുത്താല്‍ നേട്ടം തുച്ഛമാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. 

Tags:    
News Summary - Demonetisation: Was RBI given enough time to discuss note ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.