ഡൽഹിയിൽ ബി.ജെ.പി രണ്ടാം പട്ടിക പുറത്തിറക്കി; 29 സ്ഥാനാർത്ഥികളിൽ കപിൽ മിശ്രയും

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 29 സ്ഥാനാർഥികളുടെ രണ്ടാം പട്ടിക ബി.ജെ.പി പുറത്തിറക്കി. 2019ൽ പാർട്ടിയിൽനിന്ന് അയോഗ്യനാക്കപ്പെട്ട മുൻ ആം ആദ്മി പാർട്ടി എം.എൽ.എ കപിൽ മിശ്രയെ നിലവിലെ കരാവൽ നഗർ എം.എൽ.എ മോഹൻ സിങ് ബിഷ്ടിന് പകരം ബി.ജെ.പി മത്സരിപ്പിക്കും.

ഡൽഹി മുൻ മുഖ്യമന്ത്രി മദൻ ലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാനയും മോത്തി നഗറിൽ മത്സരിക്കും. ആം ആദ്മി പാർട്ടിയുടെ മുൻ മന്ത്രി സത്യേന്ദർ ജെയിനിനെതിരെ ബി.ജെ.പി നേതാവ് കർണയിൽ സിങ് ഷക്കൂർ ബസ്തിയിൽ മത്സരിക്കും.

കൂടാതെ, ബി.ജെ.പിയുടെ രണ്ടാം പട്ടികയിൽ മാത്യ മഹലിൽ നിന്നുള്ള ദീപ്തി ഇൻഡോറയും നജഫ്ഗഡിൽ നിന്നുള്ള നീലം പഹൽവാനും ഉൾപ്പെടെ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. രണ്ട് ലിസ്റ്റുകളിലായി ആകെ ഏഴ് സ്ത്രീകളെയാണ് പാർട്ടി മത്സരിപ്പിക്കുക. ഏഴു സിറ്റിങ് എം.എൽ.എമാരിൽ രണ്ടുപേരെ പാർട്ടി മാറ്റി. സിറ്റിങ് എം.എൽ.എയായ അഭയ് വർമയെ ലക്ഷ്മി നഗറിൽ നിലനിർത്തി.

70 അംഗ നിയമസഭയിലേക്കുള്ള 58 സീറ്റുകളിലെ സ്ഥാനാർഥികളെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചു. അവസാനമായി 1998ൽ ഡൽഹി ഭരണം പിടിക്കുകയും 2015ലെയും 2020ലെയും തെരഞ്ഞെടുപ്പിൽ മൂന്നും എട്ടും സീറ്റുകൾ നേടുകയും ചെയ്ത ബി.ജെ.പി, 70 അംഗ നിയമസഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്.

എ.എ.പി മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസ് ഇതുവരെ 48 പേരുകൾ പുറത്തുവിട്ടു. ഡൽഹിയിൽ ഫെബ്രുവരി 5നാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 8ന് വോട്ടെണ്ണും.

Tags:    
News Summary - Delhi polls: BJP releases second list of 29 candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.