ന്യൂഡല്‍ഹി: ഡൽഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്തു നിന്ന് സ്‌ഫോടന ശബ്ദം കേട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ഡൽഹി പൊലീസ്. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംഭവത്തിന് പിന്നിൽ രണ്ടു പേർക്ക് പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക വിലയിരുത്തലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
എംബസിക്ക് സമീപം രണ്ടു പേരുടെ സാന്നിധ്യം സി.സിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് വ്യക്തമല്ല. സംശയിക്കുന്നവരുടെ പൂർണ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സ്ഫോടന ശബ്ദം കേട്ട സമയത്ത് ഇവർ എന്തിനാണ് എംബസിയുടെ സമീപത്ത് വന്നതെന്നും കണ്ടെത്തണം. രണ്ടുപേരെയും ചോദ്യം ചെയ്താൽ മാത്രമേ ഈ സംശയങ്ങൾക്ക് ഉത്തരം ലഭിക്കുകയുള്ളൂവെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അതേസമയം, എംബസിയുടെ സമീപത്ത് നിന്ന് അവശിഷ്ടങ്ങളും ബോൾ ബയറിങ്ങുകളും അന്വേഷണ സംഘം കണ്ടെത്തി. കൂടാതെ, ഇസ്രായേലികളെ കുറിച്ച് പറയുന്ന അംബാസഡറെ അഭിസംബോധന ചെയ്തുള്ള ഇംഗ്ലീഷ് കത്തും പരിശോധിച്ചു വരികയാണ്. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്നാണ് ഡൽഹി പൊലീസിന്‍റെ പ്രാഥമിക നിഗമനം.
അതിനിടെ, ഇസ്രായേൽ എംബസിക്ക് സമീപം പൊട്ടിത്തെറിയുണ്ടായതായുള്ള വാർത്തയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ യാത്ര ചെയ്യുന്ന ഇസ്രായേൽ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി. പൊതു സ്ഥലങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം. മാളുകളിലും ആൾക്കൂട്ടങ്ങളിലും ഇടപെഴുകുന്നത് ഒഴിവാക്കണം. പൊതു സ്ഥലങ്ങളിൽ (റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പബ്ബുകൾ ഉൾപ്പെടെ) അതീവ ജാഗ്രത പുലർത്താനും ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടതായുള്ള ഫോണ്‍ സന്ദേശമാണ് ഡല്‍ഹി പൊലീസിന് ലഭിച്ചത്. എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ സ്ഥലത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഡല്‍ഹി പൊലീസ് ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ടയര്‍ പൊട്ടുന്നതു പോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.