കരുതൽ തടങ്കലിലാക്കിയെന്ന് അനിൽ ചൗധരി; വീട്ടിലിരിക്കാൻ അഭ്യർഥിച്ചതെന്ന് പൊലീസ്

ന്യൂഡൽഹി: തന്നെ അനധികൃതമായി പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അനിൽ കുമാർ ചൗധരി. അന്തർ സംസ്ഥാന തൊഴിലാളികളെ സഹായിച്ചതി​​െൻറ പേരിലാണ് ഈ നടപടിയെന്ന് ആരോപിക്കുന്ന വിഡിയോ അദ്ദേഹം ഞായറാഴ്ച ട്വിറ്ററിൽ പങ്കുവെച്ചു.

" ന്യൂ അശോക് നഗർ പൊലീസ് രാവിലെ വീട്ടിലെത്തി ഞാൻ വീട്ടുതടങ്കലിലാണെന്ന് പറഞ്ഞു. കേന്ദ്ര സർക്കാറും കെജ്രിവാൾ സർക്കാറും കോൺഗ്രസ് തൊഴിലാളികളെ സഹായിക്കുന്നത് ഭയക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. പാവപ്പെട്ട തൊഴിലാളികളെ സഹായിക്കുന്നതിൽ നിന്ന് കോൺഗ്രസ് 'ഭടൻമാരെ ' ആർക്കും തടയാനാകില്ല. പട്ടിണിയിലായ തൊഴിലാളികളെ കോൺഗ്രസ് പ്രവർത്തകർ സഹായിക്കുന്നെന്ന് അറിഞ്ഞാണ് ഗാസിപുരിൽ പോയത്" - അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

അതേസമയം, അനിൽ കുമാർ ചൗധരിയെ ചോദ്യം ചെയ്യാനാണ് വീട്ടിൽ പോയതെന്നും വീട്ടിൽ കഴിയണമെന്ന് അഭ്യർഥിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. "പട്രോളിങ്ങിനിടെ ഇന്ന് വീടുകളിലെത്താൻ സഹായിക്കാമെന്ന് അനിൽ കുമാർ ചൗധരി വാക്ക് നൽകിയതായി അതിർത്തിയിൽ കുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളികൾ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാനും ഇത്തരം ലോക്ഡൗൺ ലംഘനങ്ങൾ നടത്തരുതെന്ന് പറയാനുമാണ് അദ്ദേഹത്തിന്റെ വീട്ടിൽ പോയത് " - മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് "സ്ക്രോൾ.ഇൻ' റിപ്പോർട്ട് ചെയ്തു

എന്നാൽ, കോവിഡ് മുൻകരുതൽ പാലിക്കാതെ കുടിയേറ്റ തൊഴിലാളികളെ ഡൽഹി-യു.പി അതിർത്തിയിലെത്തിച്ചതിന് അനിൽ ചൗധരിയെ കരുതൽ തടങ്കലിലാക്കിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൗധരിക്കെതിരെ ദുരന്തനിവാരണ നിയമം, ഐപിസി 188 പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും റിപ്പോർട്ടുണ്ട്.

അനിൽ ചൗധരിയുടെ നേതൃത്വത്തിൽ മുന്നൂറോളം തൊഴിലാളികളെ ഗാസിപുരിൽ നിന്നും വിവിധ വാഹനങ്ങളിലായി ഡൽഹി- ഉത്തർപ്രദേശ് അതിർത്തിയിലെത്തിച്ചിരുന്നു. സാമൂഹിക അകലമടക്കമുള്ള നിർദേശങ്ങൾ ഇവർ പാലിച്ചില്ലെന്ന് പോലീസ് പറഞ്ഞു.

Tags:    
News Summary - Delhi police puts Delhi Congress chief Anil Chaudhary under house arrest-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.