ന്യൂഡൽഹി: സ്‌പോർട്‌സ് ബൈക്ക് വാങ്ങിയപ്പോൾ ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കാൻ വ്യാജ തട്ടിക്കൊണ്ടുപോകൽ സൃഷ്ടിച്ച യുവാവിനെതിരെ പൊലീസ് നിയമനടപടിക്ക്. 23 കാരനായ കരൺ ഗോയലാണ് പൊലീസിനെയും ബന്ധുക്കളെയും വിദഗ്ധമായി കബളിപ്പിച്ചത്.
രാജസ്ഥാനിലെ സുഹൃത്തിന്റെ വീട്ടിലേക്കാണ് യുവാവ് മുങ്ങിയത്. തുടർന്ന് അവിടെ നിന്ന് സുഹൃത്തിന്റെ പിതാവിന്റെ ഫോൺ വാങ്ങി സഹോദരിയെ ബന്ധപ്പെട്ടു. തന്നെ ചിലർ തട്ടിക്കൊണ്ടുപോയെന്നും മോചനത്തിന് 2.5 ലക്ഷം രൂപ വേണമെന്നും സഹോദരിയോട് കരൺ ആവശ്യപ്പെട്ടു.
യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂൺ 26ന് നംഗ്ലോയ് പൊലീസ് സ്റ്റേഷനിൽ ഒരു ഫോൺ കോൾ ലഭിച്ചതായി ഡെപ്യൂട്ടി പൊലീസ് കമീഷ്ണർ സമീർ ശർമ്മ പറഞ്ഞു. തുടർന്ന് കരണിന്‍റെ സഹോദരി പരാതി നൽകാനായി സ്റ്റേഷനിലെത്തി. പരാതിക്കാരിയുടെ വീടിന് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.
സഹോദരിയുടെ ഫോൺ വിശദാംശങ്ങൾ വിശകലനം ചെയ്തപ്പോൾ രാജസ്ഥാനിലെ ഷെഖ്പൂരിൽ നിന്നാണ് കരണിന്‍റെ കോൾ വന്നതെന്ന് കണ്ടെത്തി. തുടർന്ന് രാജസ്ഥാനിലെത്തിയ അന്വേഷണ സംഘം മൊബൈൽ നമ്പറിന്റെ ഉടമയെ പിടികൂടി ചോദ്യം ചെയ്തു. തന്റെ മകൻ നിതേഷിന്റെ സുഹൃത്താണ് കരൺ എന്നും ഡൽഹിയിൽ നിന്നെത്തിയ യുവാവ് തന്‍റെ വീട്ടിൽ ഉണ്ടെന്നും പൊലീസിനോട് ഇദ്ദേഹം പറഞ്ഞു.
തുടർന്ന് കരണിനെ കണ്ടെത്തി ഡൽഹിയിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ് ചോദ്യം ചെയ്തു.' യെമഹ ആർ.വൺ 5 എന്ന സ്‌പോർട്‌സ് ബൈക്ക് വാങ്ങാൻ സുഹൃത്തിൽ നിന്ന് 2.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. സുഹൃത്ത് പണം തിരികെ ചോദിച്ചതോടെയാണ് നാടകം കളിച്ചത്'- യുവാവ് വെളിപ്പെടുത്തി. സഹോദരിയോടൊപ്പമായിരുന്നു കരൺ താമസിച്ചിരുന്നത്. വരുമാന മാർഗമൊന്നും യുവാവിന് ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.