ന്യൂഡൽഹി: കറുപ്പും ചുവപ്പും പുറംചട്ടയിൽ പോക്കറ്റ് വലിപ്പത്തിലുള്ള ഇന്ത്യൻ ഭരണഘടനയുടെ പ്രസിദ്ധീകരണത്തിൽ നിന്നും വിൽപ്പനയിൽ നിന്നും പ്രസാധകരായ രൂപ പബ്ളിഷേഴ്സിനെ വിലക്കി ഡൽഹി ഹൈകോടതി. ഈസ്റ്റേൺ ബുക്ക് കമ്പനി പ്രസിദ്ധീകരിക്കുന്ന ഭരണഘടനയുടെ രൂപകൽപ്പനയുമായി സാമ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
തങ്ങൾക്ക് പകർപ്പവകാശമുള്ള ഭരണഘടനയുടെ മാതൃക, രൂപ പബ്ളിക്കേഷൻസ് അനുമതിയില്ലാതെ ഉപയോഗിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഈസ്റ്റേൺ ബുക്ക് കമ്പനി (ഇ.ബി.സി) ആണ് കോടതിയെ സമീപിച്ചത്. പ്രാഥമിക നിരീക്ഷണത്തിൽ തന്നെ ഇരുഭരണഘടനാ പതിപ്പുകളുടെയും രൂപകൽപ്പന സമാനമാണെന്ന് കോടതി നിരീക്ഷിച്ചു.
രൂപ പബ്ളിക്കേഷൻസ് പുറത്തിറക്കിയ ഭരണഘടന പതിപ്പിന്റെ പുറംചട്ടയും അക്ഷരവിന്യാസമടക്കം ഇതര രൂപകൽപ്പനാ രീതികളും ഇ.ബി.സി പുറത്തിറക്കുന്ന പതിപ്പിന് സമാനമാണെന്ന് കോടതി വിലയിരുത്തി. ഒരേ മേഖലയിൽ സമാനമായ ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന പ്രസിദ്ധീകരണം ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിലവിൽ വിപണിയിലുള്ള കോപ്പികൾ തിരിച്ചുവിളിക്കണമെന്നും കോടതി രൂപ പബ്ളിക്കേഷൻസിനോട് നിർദേശിച്ചിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമുകളിലടക്കം പട്ടികപ്പെടുത്തിയിട്ടുള്ള ഭരണഘടന കോപ്പികൾ ഇതോടെ പിൻവലിക്കേണ്ടിവരും.
2009ൽ ആണ് ഇ.ബി.സി ആദ്യമായി ഭരണഘടനയുടെ പോക്കറ്റ് വലിപ്പത്തിലുള്ള കോപ്പി പ്രസിദ്ധീകരിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് പോക്കറ്റ് വലിപ്പത്തിലുള്ള ഭരണഘടനയുടെ പതിപ്പ് ജനപ്രീതി നേടിയത്. കോൺഗ്രസ് എം.പി രാഹുൽ ഗാന്ധിയും പിന്നാലെ നിരവധി കോൺഗ്രസ് നേതാക്കളും പ്രചാരണ റാലികളിൽ ഉപയോഗിച്ചതോടെ പതിപ്പിന്റെ വിൽപ്പന കുത്തനെ ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രസാധകർ തമ്മിൽ തർക്കം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.