മഹാദേവ് ബെറ്റിങ് ആപ്പ് കേസ്: സൗരഭ് ചന്ദ്രാകറിനെ ഇന്ത്യക്ക് കൈമാറി ഒമാൻ
മസ്‌കത്ത്: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് കേസിലെ പ്രധാന പ്രതികളിലൊരാളും ആപ്പിന്റെ പ്രൊമോട്ടറുമായ സൗരഭ് ചന്ദ്രാകറിനെ ഒമാൻ ഇന്ത്യക്ക് കൈമാറി. ഇന്റർപോൾ റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കൈമാറിയത്. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയും മറ്റ് ഇന്ത്യൻ ഏജൻസികളും ഒമാൻ അധികൃതരുമായി നടത്തിയ ഏകോപനത്തെ തുടർന്നാണ് നടപടി. കൈമാറ്റ അഭ്യർഥന ഒമാൻ സർക്കാർ അംഗീകരിച്ചതോടെ സിബിഐ സംഘം മസ്‌കത്തിലെത്തി ചന്ദ്രാകറിനെ ഇന്ത്യയിലേക്ക് കൊണ്ടുപോയി.
സിബിഐ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും ഇ.ഡി രജിസ്റ്റർ ചെയ്ത മറ്റൊരു കേസിലും ചന്ദ്രാകർ പ്രതിയാണ്. സിബിഐയുടെ രണ്ട് കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ അനധികൃത ഓൺലൈൻ വാതുവെപ്പ് ശൃംഖലകളിലൊന്നാണ് മഹാദേവ് ഓൺലൈൻ ബുക്ക് ആപ്പെന്നും ക്രിക്കറ്റ്, ഫുട്ബാൾ ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിലും കാർഡ് ഗെയിമുകളിലും വാതുവെപ്പ് നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ അറിയിച്ചു.
വാതുവെപ്പിലൂടെ ലഭിച്ച പണം നിരവധി ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്തും ഹവാല ഇടപാടുകളിലൂടെ വിദേശത്തേക്ക് കടത്തിന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. ഇതിന്റെ ഒരു ഭാഗം ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയതായും ആരോപണമുണ്ട്. ചന്ദ്രാകറിനെ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം ട്രാൻസിറ്റ് റിമാൻഡ് നേടി റായ്പൂരിലെത്തിച്ച് പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കുമെന്ന് അന്വേഷണ ഏജൻസി അറിയിച്ചു. പ്രതിയെ ഇന്ത്യക്ക് കൈമാറുന്നതിൽ സഹകരിച്ച ഒമാൻ സർക്കാറിനും റോയൽ ഒമാൻ പൊലീസിനും സിബിഐ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.