ന്യൂഡൽഹി: പങ്കാളിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയായ അഫ്താബ് പൂനവാലയെ കുടുക്കിയത് വെള്ളത്തിന്റെ ഉയർന്ന ബില്ല്. കൊല നടത്തിയതിനു ശേഷം മൃതദേഹം വെട്ടിമുറിക്കുന്ന ശബ്ദം പുറത്താരും കേൾക്കാതിരിക്കാൻ ടാപ്പ് മുഴുവൻ സമയവും തുറന്നിട്ടിരുന്നു. മൃതദേഹത്തിലെ രക്തം കഴുകി വൃത്തിയാക്കാൻ ചുടുവെള്ളവും ഉപയോഗിച്ചു. ഫ്ലാറ്റിൽ നിന്ന് രക്തത്തിന്റെ കറ കഴുകിക്കളയാനും കെമിക്കൽ ചേർത്ത വെള്ളം ഉപയോഗിച്ചു. ഇങ്ങനെ ധാരാളം വെള്ളം ഉപയോഗിച്ചതു കൊണ്ടാണ് പ്രതിക്ക് 300 രൂപയുടെ വാട്ടർ ബില്ല് വന്നത്.
സാധാരണ കോളനിയിലെ ഒരു വീടിന് ഒരുമാസം 20,000 ലിറ്റർ വെള്ളമാണ് ലഭിക്കുക. ഇതാകട്ടെ തികച്ചും സൗജന്യവുമാണ്. കോളനിയിലെ മിക്ക വീടുകളിലും വാട്ടർ ബില്ല് അടക്കാനുണ്ടാകില്ല. 20,000 ലിറ്റർ അതായത്, ഒരു ദിവസം 35 ബക്കറ്റ് വെള്ളം ഒരു കുടുംബത്തിന് കഴിയാൻ ധാരാളമാണ്. മേയ് 14നാണ് ദമ്പതികൾ ഫ്ലാറ്റിലേക്ക് താമസം മാറിയത്. മേയ് 18നു ശേഷം അഫ്താബ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതെ കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു.
300 രൂപയുടെ വാട്ടർ ബില്ല് വന്നത് അദ്ഭുതപ്പെടുത്തിയെന്ന് ഫ്ലാറ്റ് ഉടമ റോഹൻ കുമാറിന്റെ പിതാവ് രാജേന്ദ്ര കുമാർ പറഞ്ഞു. 9000 രൂപയാണ് പ്രതിമാസം ഫ്ലാറ്റിന് വാടകയായി ലഭിച്ചിരുന്നത്. വാടക കരാർ ആദ്യം ശ്രദ്ധയുടെ പേരിലായിരുന്നു. പിന്നീട് അഫ്താബിന്റെ പേരിലും. എല്ലാ മാസവും 10ാം തീയതിക്കകം ഓൺലൈൻ വഴി വാടക നൽകിയിരുന്നുവെന്നും രാജേന്ദ്ര കുമാർ പറഞ്ഞു.
ഓൺലൈൻ വഴി പണം കൃത്യമായി നൽകുന്നതിനാൽ വീട്ടിൽ പോയി ആളെ അന്വേഷിക്കേണ്ട സാഹചര്യവും വന്നില്ല. ഇരുവരും കാൾ സെന്ററിലെ ജീവനക്കാരായിരുന്നു. ഡൽഹിയിലേക്ക് മാറുന്നതിനു മുമ്പ് മഹാരാഷ്ട്രയിലെ വാസായിലായിരുന്നു താമസിച്ചിരുന്നത്.
രണ്ടുമാസമായി ശ്രദ്ധയെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് സുഹൃത്തുക്കളും രക്ഷിതാക്കളും പൊലീസിൽ പരാതി നൽകിയപ്പോഴാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്. മഹാരാഷ്ട്രയിലെയും ഡൽഹിയിലെയും പൊലീസുകാർ സംയുക്തമായാണ് കേസന്വേഷണം നടത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. വെട്ടിമുറിച്ചു കളഞ്ഞ മൃതദേഹത്തിന്റെ പല ഭാഗങ്ങളും കണ്ടെത്തിയിട്ടുമില്ല. ശ്രദ്ധ വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരം 35 കഷണങ്ങളാക്കുന്നത്. ഇതിനായി വാങ്ങിയ 300 ലിറ്റർ ഫ്രിഡ്ജിലാണ് അഫ്താബ് ശരീരഭാഗങ്ങൾ സൂക്ഷിച്ചത്.
പിന്നീട് പലയിടങ്ങളിലായി അത് ഉപേക്ഷിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും പല വിഷയങ്ങളിൽ വഴക്കിട്ടിരുന്നതായി പൊലീസ് പറയുന്നത്. മെയ് 18 ന് അഫ്താബും ശ്രദ്ധയും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് അവളെ കൊലപ്പെടുത്തിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.