ബലാത്സംഗത്തിന് ലിംഗഭേദമില്ല: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 15 വർഷം തടവ്

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഡൽഹി കോടതി ഒരാൾക്ക് 15 വർഷം കഠിന തടവ് വിധിച്ചു. പെൺകുട്ടികൾ മാത്രമേ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നുള്ളൂ എന്നത് ഒരു മിഥ്യ ധാരണ മാത്രമാണെന്നും ആൺകുട്ടികളും ഹീനമായ കുറ്റകൃത്യത്തിന് ഇരയാകാമെന്നും കോടതി നിരീക്ഷിച്ചു. പോക്സോ നിയമത്തിലെ സെക്ഷൻ 6 (തീവ്രമായ ലൈംഗികാതിക്രമം) പ്രകാരവും ഐ.പി.സി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ) പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

വാദത്തിനിടെ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അരുൺ കെ. വി, കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചു. ലൈംഗിക പീഡനത്തിന് ഇരയായവരിൽ ഏകദേശം 54.68 ശതമാനം ആൺകുട്ടികളാണെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും സ്ത്രീകളുടേതിന് സമാനമായ ഗുരുതരമായ മാനസിക ആഘാതത്തിലൂടെ കടന്നു പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലിംഗഭേദമില്ലാതെ എല്ലാ കുട്ടികളെയും പോക്‌സോ നിയമം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിൽ പറയുന്നു. ലൈംഗിക പീഡനത്തിന് ഇരയായ ആൺകുട്ടി അനുഭവിക്കുന്ന മാനസിക ആഘാതം ലൈംഗിക പീഡനത്തിന് ഇരയായ മറ്റുള്ളവരുടേതിന് സമാനമാണ്. അവരും ഭയം, ഓർമ്മകൾ, പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ എന്നിവ അനുഭവിക്കുന്നതായും കോടതി നിരീക്ഷിച്ചു.

പുരുഷത്വത്തെ വൈകാരിക ശക്തിയുമായി തെറ്റായി ബന്ധപ്പെടുത്തിയിരിക്കുന്ന സാമൂഹിക ചട്ടക്കൂടിൽ ലൈംഗികാതിക്രമം മൂലമുണ്ടാകുന്ന മാനസിക ആഘാതത്തെ നേരിടാൻ ആൺകുട്ടികൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടെന്ന് കോടതി കൂട്ടിച്ചേർത്തു. ജയിൽ ശിക്ഷക്ക് പുറമേ, ഒരു മാസത്തിനുള്ളിൽ അതിജീവിച്ചയാൾക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ 10.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നിർദേശമുണ്ട്. 

Tags:    
News Summary - Delhi court jails man 15 years for assaulting minor boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.