കള്ളപ്പണ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നീട്ടി

ന്യൂഡൽഹി: സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിന്‍റെ ഇടക്കാല ജാമ്യം നവംബർ 10 വരെ നീട്ടി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യം നീട്ടി ഉത്തരവിട്ടത്. നടി ഇന്ന് കോടതിയിൽ നേരിട്ട് ഹാജരായി. കഴിഞ്ഞ സെപ്തംബർ 26നാണ് കേസിൽ ജാക്വലിന് ഇടക്കാല ജാമ്യം കോടതി അനുവദിച്ചത്.

നടിയുടെ ഇടക്കാല ജാമ്യം നീട്ടുന്നതിനെ ശക്തമായി എതിർത്ത ഇ.ഡി, ജാക്വലിൻ ഒരിക്കലും അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും തെളിവുകൾ ലഭിച്ചപ്പോൾ മാത്രമാണ് കാര്യങ്ങൾ വെളിപ്പെടുത്തിയതെന്നും കോടതിയിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് കടന്നുകളയാൻ നടി ശ്രമം നടത്തിയെങ്കിലും യാത്രാവിലക്കുള്ളതിനാൽ അതിന് സാധിച്ചില്ലെന്നും ഇ.ഡി ചൂണ്ടിക്കാട്ടി.

സാമ്പത്തിക തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖർ മുഖ്യപ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിനെ പ്രതി ചേർത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹിയിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു.

സുകേഷ് ചന്ദ്രശേഖർ ഭീഷണിപ്പെടുത്തിയും മറ്റ് കുറ്റകൃത്യത്തിലൂടെയും തട്ടിയെടുത്ത പണത്തിൽ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങൾ ജാക്വിലിന് നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി പിങ്കി ഇറാനി മുഖേനയാണ് നടിക്ക് സമ്മാനങ്ങൾ നൽകിയത്. സമ്മാനങ്ങൾക്കു പുറമേ നടിയുടെ ബന്ധുക്കൾക്ക് 1.3 കോടിയും നൽകി. നടിയുടെ വെബ്സീരീസിന് കഥയെഴുതാൻ സുകേഷ് ചന്ദ്രശേഖർ 15 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു.

ഫോർട്ടിസ് ഹെൽത്ത് കെയർ ഉടമയായിരുന്ന ശിവിന്ദർ മോഹൻ സിങ്ങി​ന്റെ ഭാര്യ അദിതി സിങ്ങിൽ നിന്ന് ആൾമാറാട്ടം നടത്തി കബളിപ്പിച്ച പണം ഉൾപ്പെടെ ഉപയോഗിച്ചാണ് സുകേഷ് ചന്ദ്രശേഖർ നടിക്ക് സമ്മാനങ്ങൾ വാങ്ങിയതെന്നും ഇ.ഡി പറയുന്നു. സുകേഷിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചതായി ഇവർ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു. കേസിൽ ചന്ദ്രശേഖർ, ഭാര്യയും മലയാളിയുമായ ലീന മരിയ പോൾ, പിങ്കി ഇറാനി തുടങ്ങിയവർ ഉൾപ്പെടെ എട്ടുപേരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

ജാക്വലിന്‍റെ ഏഴു കോടിയുടെ സ്വത്തുക്കൾ ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കൂടാതെ നടി സുകേഷിൽ നിന്ന് 5.71 കോടിയുടെ സമ്മാനങ്ങൾ വാങ്ങി നൽകിയതായി ഇ.ഡി പിരിശോധനയിൽ കണ്ടെത്തി. സ്ഥിരം നിക്ഷേപം ഉൾപ്പെടെയുള്ള നടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Tags:    
News Summary - Delhi Court extends Jacqueline's interim bail till November 10 in PMLA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.