ന്യൂഡല്‍ഹി: മൂന്നുലക്ഷം രുപ മോചനദ്രവ്യം ആവശ്യപ്പെട്ട് പണംപിടിച്ചുപറി കേസിലെ പ്രതിയെ ബന്ദിയാക്കിയ പൊലീസ് ഹെഡ്കോൺസ്റ്റബിൾ പൊലീസ് വലയിൽ. ബന്ദിയാക്കപ്പെട്ടയാളെ പൊലീസ് മോചിപ്പിച്ചത് പൊലീസ് സ്റ്റേഷനിൽ നിന്ന്. പണംപിടിച്ചുപറി കേസിൽ പ്രതി ആയതിനാൽ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.
ജാമിഅ നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാകേഷ് കുമാറും സഹായി അമീർ ഖാനും ആണ് പിടിയിലായത്. ജവഹർ പാർക്ക് സ്വദേശിയായ വരുൺ എന്ന ആളെയാണ് ഇവർ പൊലീസ് സ്റ്റേഷനിൽ തടവിൽ സൂക്ഷിച്ചിരുന്നത്. മേയ് 25ന് വരുണിന്‍റെ സഹോദരി ഭാരതി, അയാളെ ആരോ തട്ടിക്കൊണ്ടുപോയ ശേഷം മൂന്നുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് സൺലൈറ്റ് കോളനി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. പണവുമായി സരൈ കാലെ ബസ്സ്റ്റാൻഡിൽ എത്താനാണ് സഹോദരനെ തട്ടിക്കൊണ്ടുപോയവർ നിർദേശിച്ചെതന്നും അതുപ്രകാരം ഒരുലക്ഷം രൂപയുമായി താൻ അവിടെ നിൽക്കുകയാണെന്നും ഭാരതി പൊലീസിൽ അറിയിച്ചു. ബന്ദിയാക്കിയവര്‍ വരുണിന്‍റെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് കോളിലൂടെയാണ് തന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നും ഭാരതി പറഞ്ഞു.
ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജാമിഅ നഗർ പൊലീസ് സ്റ്റേഷനിലാണ് വരുൺ ഉള്ളതെന്നും കോൺസ്റ്റബിൾ രാകേഷ് കുമാർ ആണ് തട്ടിക്കൊണ്ടുപോയത് എന്നും പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് അവിടെയെത്തി വരുണിനെ മോചിപ്പിക്കുകയായിരുന്നു.
മാസങ്ങള്‍ക്കുമുമ്പ് ഗാന്ധിനഗറിലെ ഒരാളില്‍ നിന്ന് വരുണ്‍ 1.5 ലക്ഷം കൊള്ളയടിച്ച കാര്യം സുഹൃത്ത് അമീര്‍ഖാൻ രാകേഷ് കുമാറിനോട് പറഞ്ഞിരുന്നു. ഈ പണം വരുണിൽ നിന്ന് തട്ടിയെടുക്കാനാണ് ഇരുവരും ചേർന്ന് തട്ടിക്കൊണ്ടുപോകല്‍ പദ്ധതി ആസൂത്രണം ചെയ്തത്. തുടർന്ന് അമീർഖാനെയും പൊലീസ് പിടികൂടി. പണം കൊള്ളയടിച്ച കേസില്‍ വരുണിനെയും അറസ്റ്റ് ചെയ്തെന്നും വീട്ടില്‍ നിന്ന് 1.4 ലക്ഷം രൂപ കണ്ടെടുത്തതായും ഡപ്യൂട്ടി കമ്മീഷണർ (സൗത്ത് ഈസ്റ്റ്) ആർ.പി. മീന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.