ബസ് ചാര്‍ജ് കേരളത്തില്‍ കൂട്ടി; ഡല്‍ഹിയില്‍ കുറച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമ്പോള്‍ ഡല്‍ഹിയില്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ് നിരക്ക് കുത്തനെ കുറച്ചു.  മിനിമം നിരക്കില്‍ പകുതിയും ഒരു മാസം കാലാവധിയുള്ള പാസിന് 75 ശതമാനം വരെയുമാണ് കെജ്രിവാള്‍ സര്‍ക്കാര്‍ കുറച്ചത്. നഗരത്തിലെ വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാണിത്.  

നിലവില്‍  എ.സി ഇല്ലാത്ത ബസുകള്‍ക്ക് അഞ്ചു മുതല്‍ 15 വരെ രൂപയാണ് നിരക്ക്. ഇത് അഞ്ചു രൂപയാക്കി. എ.സി ബസുകള്‍ക്ക് ഇപ്പോഴുള്ള 10 മുതല്‍ 25  വരെ രൂപ എന്ന നിരക്ക് 10 ആയി കുറച്ചു.  ഒരു മാസത്തേക്കുള്ള പാസിന് എ.സി ബസുകളില്‍  1,000 രൂപയും എ.സി ഇല്ലാത്ത ബസുകളില്‍ 800 രൂപയുമാണ്. ഇത്  250 ആക്കി.  സാമ്പത്തികമായി പിന്നാക്ക കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും 21 വയസ്സിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാസ് നല്‍കാനും തീരുമാനമുണ്ട്.

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ് (ഡി.ടി.ഡി.സി) ഡല്‍ഹി നഗരത്തിലും പരിസരങ്ങളിലും ബസ് സര്‍വിസ് നടത്തുന്നത്. എ.സി ഇല്ലാത്ത 2,506 ലോഫ്ളോര്‍ ബസുകളും 1,275 എ.സി ലോഫ്ളോര്‍ ബസുകളുമാണ് സര്‍വിസിന് ഉപയോഗിക്കുന്നത്. ഇതോടൊപ്പം സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 1,100 സ്റ്റാന്‍ഡേര്‍ഡ് ക്ളസ്റ്റര്‍ ബസുകളുമുണ്ട്. നിരക്ക് ഇളവ് ക്ളസ്റ്റര്‍ ബസുകള്‍ക്കും ബാധകമാണ്  കെ.എസ്.ആര്‍.ടി.സി  ആറു രൂപയാക്കി കുറച്ച മിനിമം നിരക്ക് കഴിഞ്ഞ ദിവസം എണ്ണ വില കൂടിയതിനാല്‍ ഏഴു രൂപയാക്കി ഉയര്‍ത്തിയിരുന്നു.

Tags:    
News Summary - delhi bus fare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.