ന്യൂഡൽഹി: ബുധനാഴ്ച നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിലുണ്ടായ കുറവിൽ നെഞ്ചിടിപ്പോടെ ആം ആദ്മി പാർട്ടിയും ബി.ജെ.പിയും. ബുധനാഴ്ച രാത്രി 11.30 വരെയുള്ള റിപ്പോർട്ട് പ്രകാരം 60.42 ശതമാനമാണ് പോളിങ്.
നിയമസഭ തെരഞ്ഞെടുപ്പിൽ 2008ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പോളിങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 2013ൽ 66 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 2015ൽ 67.5 ശതമാനമായിരുന്നു പോളിങ്.
2020 തെരഞ്ഞെടുപ്പിൽ 62.8 ശതമാനത്തിലേക്ക് താഴ്ന്നു. അന്തിമ കണക്ക് വരുന്നതോടെ പോളിങ് ശതമാനത്തിൽ നേരിയ വർധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കി.
ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് വൈകീട്ട് മൂന്ന് മണിയോടെയാണ് സജീവമായത്. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും കോൺഗ്രസും പ്രചാരണ രംഗത്ത് ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചിരുന്നു.
പോളിങ് കുറവ് തങ്ങൾക്ക് അനുകൂലമാകുമെന്ന് ആം ആദ്മി പാർട്ടിയും ബി.ജെ.പിയും അവകാശപ്പെടുന്നുണ്ട്. ഭരണവിരുദ്ധ വികാരമാണ് പോളിങ് കുറവിൽ പ്രതിഫലിച്ചതെന്നും 27 വർഷമായി ലഭിക്കാത്ത ഭരണം ഇത്തവണ ലഭിക്കുമെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. എന്നാൽ, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞപ്പോൾ തങ്ങൾക്ക് കൂടുതൽ നേട്ടമാണുണ്ടായതെന്നും ഇത്തവണയും വിജയം ആവർത്തിക്കുമെന്നും ആം ആദ്മി പാർട്ടി പറയുന്നു.
ഭരണം ബി.ജെ.പിക്കായിരിക്കുമെന്നാണ് എക്സിറ്റ്പോൾ പ്രവചനം. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. 2020ൽ 62 സീറ്റ് നേടിയാണ് മൂന്നാം തവണയും ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയത്. ബി.ജെ.പിക്ക് എട്ട് സീറ്റ് ലഭിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റിൽപോലും വിജയിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.