ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിരക്കിൽപെട്ട് 18 പേർ മരിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. പ്രയാഗ്രാജിലേക്കുള്ള രണ്ട് ട്രെയിനുകൾ വൈകിയതാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ വലിയ ദുരന്തത്തിലേക്ക് നയിച്ചത്. റെയിൽവേ സ്റ്റേഷനിലേക്ക് പെട്ടെന്ന് തിക്കും തിരക്കും ഉണ്ടാവുകയായിരുന്നുവെന്നും ഇത് വലിയ ദുരന്തത്തിന് കാരണമാവുകയായിരുന്നുവെന്നും റെയിൽവേ അറിയിച്ചു.
14ാം നമ്പർ പ്ലാറ്റ്ഫോമിലാണ് വലിയ തിരക്കുണ്ടായത്. ഇവിടെ നിന്നാണ് പ്രയാഗ്രാജ് എക്സ്പ്രസ് പുറപ്പെടാനിരുന്നത്. കുംഭമേളക്കായി പുറപ്പെടാനിരുന്ന പ്രയാഗ്രാജിലേക്കുള്ള സ്വതന്ത്രത സേനാനി എക്സ്പ്രസ്, ഭുവനേശ്വർ രാജധാനി എന്നീ ട്രെയിനുകൾ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ വൈകിയിരുന്നു. ഇതുമൂലം എല്ലാവരും പ്രയാഗ്രാജ് എക്സ്പ്രസിൽ കയറാൻ തിരക്ക് കൂട്ടി. ഇത് ദുരന്തമുണ്ടാക്കിയെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
പ്രയാഗ്രാജിലേക്കുള്ള മറ്റ് ട്രെയിനുകൾ പുറപ്പെടേണ്ടിയിരുന്നത് 12, 13 നമ്പർ പ്ലാറ്റ്ഫോമുകളിലായിരുന്നു. ഈ ട്രെയിനുകൾ വൈകിയതോടെ ആളുകളെല്ലാം 14ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തി. ഇതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് റെയിൽവേ ഡി.സി.പി കെ.പി.എസ് മൽഹോത്ര പറഞ്ഞു. രണ്ടിടത്താണ് തിക്കും തിരക്കും ഉണ്ടായത്. ഇതിൽ ഒന്ന് 14ാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു. മറ്റൊന്ന് 16ാം നമ്പർ പ്ലാറ്റ്ഫോമിന്റെ സ്റ്റൈയർകേസിന്റെ അടുത്താണ് ഉണ്ടായതെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ മഹാകുംഭമേളയിൽ പങ്കെടുക്കാനെത്തിയ ഭക്തരുടെ തിക്കിലും തിരക്കിലുംപെട്ട് 18 മരണം. 50 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ശനിയാഴ്ച രാത്രി 10 മണിയോടെയുണ്ടായ അനിയന്ത്രിതമായ തിക്കും തിരക്കുമാണ് ആളപായത്തിനും പരിക്കിനും ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.